തിരുവനന്തപുരം : ലോകത്തിന്റെ മനം കവർന്ന ഇന്ത്യൻ വ്യോമസേനയിലെ അഭിമാനമായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. ബി.ജെ.പിക്ക് പരസ്യമായി പിന്തുണ നൽകി കൊണ്ടുള്ള കുറിപ്പാണ് ഫേസ്ബുക്കിലടക്കം വൈറലായി മാറിയത്. ബി.ജെ.പിയുടെ താമരചിഹ്നമുള്ള ഷാൾ കഴുത്തിലണിഞ്ഞ് അഭിനന്ദ് സ്റ്റൈലിൽ മീശ വച്ച ചിത്രത്തിനൊപ്പമാണ് അഭിനന്ദന്റെ എന്ന പേരിലുള്ള കുറിപ്പ് പ്രചരിക്കുന്നത്.
'വിംഗ് കമാൻഡർ അഭിനന്ദൻ ബിജെപിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാൻ അദ്ദേഹം വോട്ടും ചെയ്ത് കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ മോദിയെക്കാൾ മികച്ചൊരു പ്രധാനമന്ത്രിയുണ്ടാകാനില്ല. ഒരു ജവാനെ നിങ്ങൾ ഒരിക്കലും ജീവനോടെ മടക്കി എത്തിച്ചിട്ടില്ല എന്നാൽ ഇന്ന് അഭിനന്ദൻ ജീവനോടെ മടങ്ങിയെത്തി ബിജെപിക്ക് വോട്ടും ചെയ്തു.... എന്നായിരുന്നു പ്രചരിക്കുന്ന കുറിപ്പ്. എന്നാൽ ഈ ചിത്രവും കുറിപ്പും തീർത്തും വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. അഭിനന്ദനോട് മുഖസാദൃശ്യമുള്ള യുവാവിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഇന്ത്യൻ ജനതയ്ക്ക് അഭിനന്ദന് മേലുള്ള ആരാധനയെ ചൂഷണം ചെയ്ത് ബി.ജെ.പിക്ക് അനുകൂലമാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ ആരോപിക്കുന്നുണ്ട്.