മുംബയ്: പുരാണ സീരിയൽ ഷൂട്ടിംഗ് സെറ്റിൽ വൻ തീപിടുത്തം. പരമാവതാർ ശ്രീകൃഷ്ണ എന്ന പുരാണ സീരിയലിന്റെ സെറ്റിലാണ് അപകടമുണ്ടായത്. തീപിടുത്തത്തിൽ ആളപായമില്ല. നയിഗാവിലെ നന്ദ് ഹേലിയിലായിരുന്നു സെറ്റ് ഒരുക്കിയിരുന്നത്. ഷൂട്ടിംഗിന് ഉപയോഗിക്കേണ്ടിയിരുന്ന ആയുധങ്ങൾ പൂർണമായി കത്തിനശിച്ചു.
തിങ്കളാഴ്ച പുലർച്ചെ ആറു മണിക്കാണ് സെറ്റിൽ തീ പടർന്നത്. ഈ സമയത്ത് ചിത്രീകരണം ഇല്ലാത്തതിനാൽ ആർക്കും പരിക്കില്ലെന്ന് നിർമാതാക്കളായ അലിന്ദ് ശ്രീവാസ്തവ, നിസ്സാർ പർവേസ് എന്നിവർ അറിയിച്ചു. സെറ്റിന്റെ പുറത്തെ ഭാഗവും ഷൂട്ടിംഗിനുവേണ്ട ആയുധങ്ങൾ സൂക്ഷിച്ചിരുന്ന വീടും പൂർണമായും അഗ്നിബാധയ്‌ക്ക് ഇരയായി. അഗ്‌നിശമന സേന തീയണച്ചശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചു. സീ.ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് ശ്രീകൃഷ്ണന്റെ കഥ പറയുന്ന പരമാവതാർ ശ്രീകൃഷ്ണ.