nirmala-sitharaman

കണ്ണൂർ: കമ്യൂണിസ്‌റ്റുകാർ ഭരിച്ച എല്ലായിടത്തും നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ ആരോപിച്ചു. ഇസ്‌ലാമിക രാഷ്ട്രങ്ങൾ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സി.പി.എമ്മിന് ആകെ ചൂണ്ടിക്കാണിക്കാൻ ഒരു വൃന്ദാകാരാട്ട് മാത്രമേയുള്ളൂ. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ 33 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കിയ ബി.ജെ.പിക്ക് ഇന്ന് രണ്ട് ശക്തരായ വനിതാ കേന്ദ്രമന്ത്രിമാരുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂരിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെക്കേ ഇന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം തന്നെ അപഹാസ്യമാണ്. ഇപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സി.പി.എം തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. ഇത് തന്നെ സി.പി.എമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണ്. ലോകത്ത് എവിടെയൊക്കെ കമ്യൂണിസ്‌റ്റുകൾ ഭരണം നടത്തിയിട്ടുണ്ടോ അവിടെയൊക്കെ വലിയ കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. ക്യൂബയിലും വെനസ്വേലയിലും പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഇപ്പോൾ ഈ അവസ്ഥ കാണുന്നതാണ്. എന്നാൽ ബുദ്ധിമാന്മാരായ കേരളത്തിലെ ജനങ്ങൾ എന്തുകൊണ്ടാണ് ഇപ്പോഴും കമ്യൂണിസ്‌റ്റുകളെ പിന്തുണയ്‌ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.