നോട്രുഡാം കതീട്രൽ ഒരു മത ബിംബം എന്നതിനേക്കാൾ ഒരു സാംസ്‌കാരിക ഭൂമിക യാണ്. വിക്ടർ ഹ്യൂഗോയുടെ ക്ലാസ്സിക്കായ 'നോട്രുഡാമിലെ കൂനൻ' എന്ന കൃതിയിലൂടെ ഈ മന്ദിരം സാഹിത്യ കുതുകികളുടെ മനസ്സിലും ഒരു മനോഹരമായ സൌധമായി ഉയർന്നു വന്നു. ഫ്രഞ്ചുകാരുടെ ചിന്തയെ ആഴത്തിൽ സ്വാധീനിച്ച ഈ പള്ളി അവർ അടക്കി വാണ വിയട്നാമിൽ വരെ അതെ പേരിൽ അവർ സ്ഥാപിച്ചു. പുറത്ത് നിന്നുള്ള കാഴ്ചയില് പാരീസിലെതിനേക്കാൾ മനോഹരമായ പള്ളി അവരവിടെ ഹോചിമിൻ സിറ്റിയിൽ പണിതുയർത്തിയത് കാണാൻ എനിക്കവസരമുണ്ടായി.
പതിനഞ്ചു വര്ഷം മുൻപാണ് പാരീസിലെ സീയെൻ നദിക്കരയിലെ നോട്രുഡാം കതീട്രൽ ആദ്യം കാണുന്നത്. വളഞ്ഞും പുളഞ്ഞും പോകുന്ന നീണ്ട ക്യൂ ഒക്കെ കഴിഞ്ഞു അകത്തു കടക്കുമ്പോൾ അവാച്യമായ ഒരനുഭൂതിയാണ് നമുക്ക് കിട്ടുന്നത്. മത വിശ്വാസങ്ങൾ ഇല്ലാത്ത ആളായിട്ട് കൂടി ആ അന്തരീക്ഷം എന്നെ കീഴടക്കിക്കളഞ്ഞു. ആർച്ച് പോലെ വന്നു മുകൾ ഭാഗത്ത് കൂർത്തു നില്ക്കൂന്ന ഗോതിക് ശയ്ലിയിലെ കെട്ടിടത്തിനകം ആശ്ചര്യം പൂണ്ടു മാത്രമേ നമുക്ക് നോക്കി നില്ക്കാനാകൂ. നമ്മളവിടെ അങ്ങ് വളരെ ചെറുതായിപ്പോകുന്നു. മുഴങ്ങുന്ന സ്ഫടികം പോലെ വ്യക്തമായ ഓർഗൻ വാദ്യത്തോടെ ഉള്ള ചര്ച് കൊയറും ഒപ്പം താലങ്ങളിൽ നിറച്ചു കത്തിച്ചു വച്ചിരിക്കുന്ന നിരവധി വിളക്കുകളും ഒക്കെയായി മറ്റൊരു ലോകം തന്നെ സൃഷ്ട്ടിക്കപ്പെടുകയായിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പാരീസിന്റെ അഭിമാനമായി നിന്നിരുന്ന ഈ സൌധം ഫ്രഞ്ച് വിപ്ലവമോ, രണ്ടാം ലോക മഹാ യുധമോ ഒരു പോറൽ പോലും എല്പ്പിച്ച്ചില്ല.
എനിക്കിവിടെ ഈ യൂറോപ്യൻ സംസ്‌കാരത്തിന്റെ മാസ്മരിക ഭൂമിയിൽ ഒരിക്കൽ കൂടി പോകണം എന്നാഗ്രഹിച്ചിരുന്നു, പിന്നീട് പലപ്പോഴും പാരീസിൽ പോയപ്പോഴും അത് നടന്നില്ല. നോട്രുഡാം കതീട്രൽ ഈ ചാരങ്ങളിൽ നിന്നും ഇനിയും കെട്ടിപ്പടുക്കുമായിരിക്കും, അത് വരെ മാനവരാശിയുടെ ഒരു മഹാ നഷ്ട്ടമായി, ആഴത്തിലുള്ള മുറിവായി അത് തുടരും. ആ ഒരു ദിവസത്തിനു വേണ്ടി ഞാനും കാത്തിരിക്കയാണ്.