മലപ്പുറം: നെഹ്റു ജീവിച്ചിരുന്നെങ്കിൽ കോണ്‍ഗ്രസിന്റെ കരണത്ത് അടിച്ചേനെയെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. വയനാട്ടിൽ കോൺഗ്രസ് - ലീഗ് - ബി.ജെ.പി സഖ്യമെന്നും അദ്ദേഹം ആരോപിച്ചു. വയനാട് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി പി.പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരെ തകർത്ത ആസിയാൻ കരാറിനെതിരെ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ സംസാരിക്കുമോയെന്നും കരാറിൽ രാഹുൽ പശ്ചാത്തപിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കൂടാതെ അധികാരം കിട്ടിയാൽ കരാർ പിൻവലിക്കുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.
കോൺഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയതായും 1991ലെ ബേപ്പൂർ വടകര മണ്ഡലങ്ങളിലെ സഖ്യം പോലെ യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയതായും നേരത്തെ വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രെസ് പരിപാടിയിൽ സംസാരിക്കവെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ശക്തമായ പ്രചാരണമാണ് കേരളത്തിൽ മുഴുവൻ എൽ.ഡി.എഫ് പ്രവർത്തകർ നടത്തുന്നത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടാൻ ആശയപരമായും രാഷ്ട്രീയമായും സുനീർ ശക്തനാണെന്നും അദ്ദേഹം പറഞ്ഞു.