കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് എം.ചെയർമാൻ കെ.എം മാണിയുടെ വീട് സന്ദർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുൽ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്. കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനം അറിയിച്ചു. കേരളരാഷ്ട്രീയത്തിൽ കെ.എം മാണി നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണെന്ന് രാഹുൽ പറഞ്ഞു. മാണിയുടെ മരണവാർത്തയറിഞ്ഞ് രാഹുൽ ഗാന്ധി ജോസ്.കെ.മാണിയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് രാഹുലിന് വേണ്ടി പുഷ്പചക്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങളെ നേരിട്ട് ആശ്വസിപ്പിക്കാൻ രാഹുൽ പാലായിൽ എത്തിത്. കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, മുകുൾ വാസ്‌നിക് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു.