പത്തനാപുരം: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം പത്തനാപുരത്ത് നടന്ന പൊതുയോഗത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ തീപ്പൊരി പ്രസംഗവും അതിന്റെ പരിഭാഷയുമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. രാഹുലിനേക്കാൾ ആവേശത്തോടെ പ്രസംഗിച്ച ആ യുവതി ആരാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. എന്നാൽ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാറാണ് സോഷ്യൽ മീഡിയയെയും രാഷ്ട്രീയ കേരളത്തെയും ഞെട്ടിച്ച ആ പെൺസിംഹം.
തിരുവനന്തപുരം സിവിൽ സർവീസ് അക്കാഡമിയിലെ സോഷ്യോളജി വിഭാഗം ഫാക്കൽറ്റിയായ ജ്യോതി ഇതാദ്യമായല്ല രാഹുലിന്റെ പ്രസംഗത്തിന് പരിഭാഷ നടത്തുന്നത്. നേരത്തെ രാഹുൽ ഗാന്ധി പങ്കെടുത്ത മത്സ്യത്തൊഴിലാളി സംഗമത്തിലും അദ്ദേഹത്തിന്റെ പരിഭാഷക ജ്യോതിയായിരുന്നു. 2016ൽ സോണിയാ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയതും മറ്റാരുമല്ല. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടിയ ജ്യോതി അദ്ധ്യാപന ജോലിക്കൊപ്പം ഒരു മലയാള സ്വകാര്യ ചാനലിലും പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയർപേഴ്‌സൺ എന്ന ബഹുമതിയും ജ്യോതി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ പങ്കെടുത്ത ചടങ്ങിലെ പരിഭാഷ സദസിൽ കല്ലുകടിയായി. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനാണ് ചടങ്ങിൽ പരിഭാഷ നടത്തിയത്. എന്നാൽ പലപ്പോഴും രാഹുൽ ഗാന്ധി പറയുന്നത് കേൾക്കാൻ കഴിയാതെ കുര്യൻ പരുങ്ങുന്ന കാഴ്‌ചയാണ് സദസ് കണ്ടത്. ഇത് പലപ്പോഴും സദസിൽ അസ്വാരസ്യങ്ങൾക്ക് കാരണമായി.