world

വാഷിംഗ്ടൺ: തന്റെ കൈവശമുണ്ടായിരുന്ന അശ്ലീല സിനിമകളുടെ വൻ ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ കോടതിയിലെത്തി. 29,000 ഡോളർ വിലവരുന്ന അശ്ലീല സിനിമകളുടെ ശേഖരം നശിപ്പിച്ചതിന് 86,000 ഡോളർ നഷ്ടപരിഹാരമായി വേണമെന്നാണ് ഇയാളുടെ ആവശ്യം. യു.എസ് സ്വദേശിയായ 40കാരനാണ് മാതാപിതാക്കൾക്കെതിരെ കോടതിയെ സമീപിച്ചത്.

ഭാര്യയുമായി 2016ൽ വിവാഹബന്ധം വേർപിരിഞ്ഞ ഇയാൾ മാതാപിതാക്കൾക്കൊപ്പം താമസമാക്കുകയായിരുന്നു. ഒരു വർഷത്തിനുശേഷം ഇയാൾ പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. മാതാപിതാക്കൾ മകന്റെ സാധനങ്ങളെല്ലാം പുതിയ മേൽവിലാസത്തിലേക്ക് അയച്ചു നൽകി. പക്ഷേ അയച്ച സാധനങ്ങളുടെ കൂട്ടത്തിൽ 12 പെട്ടികളിലായി മകൻ സൂക്ഷിച്ചിരുന്ന സിനിമ ശേഖരം മാത്രം ഇല്ലായിരുന്നു. ഉടൻതന്നെ ഇയാൾ മാതാപിതാക്കളോട് തന്റെ 12 പെട്ടികളെ കുറിച്ച് അന്വേഷിച്ചു.

മകന്റെ നന്മയ്ക്ക് വേണ്ടി താൻ സിനിമാ ശേഖരം നശിപ്പിക്കുകയായിരുന്നുവെന്ന് പിതാവ് ഇയാളോട് പറഞ്ഞു. ഇതോടെ പിതാവുമായി പിണങ്ങിയ മകൻ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ സിനിമാ ശേഖരമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്നും അതിനാൽ മാതാപിതാക്കൾ നഷ്ടപരിഹാരം നൽകിയേ മതിയാവൂ എന്ന നിലപാടിലാണ് മകൻ. മിഷിഗനിലെ ഫെഡറൽ കോടതിയിലാണ് ഇയാൾ വിചിത്രമായ പരാതി സമർപ്പിച്ചത്.