ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
വിജയ് ശങ്കർ, ദിനേഷ് കാർത്തിക്ക്, കെ.എൽ.രാഹുൽ ടീമിൽ
റിഷഭ് പന്തും അമ്പാട്ടി റായ്ഡുവും ഇല്ല
മുംബയ് : ഇത്തവണത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്ര് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കൊഹ്ലി നായകനായ പതിനഞ്ചംഗ ടീമിൽ മുൻനായകൻ എം.എസ്.ധോണി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംര, ശിഖർ ധവാൻ തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ട്. ടീമിലെ സ്ഥാനം അവസാനം വരെ അനിശ്ചിതത്വത്തിലായിരുന്ന വിജയ് ശങ്കർ, രവീന്ദ്ര ജഡേജ,കെ.എൽ. രാഹുൽ, രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്ക്,എന്നിവരും സ്ഥാനം ഉറപ്പിച്ചു. അതേസമയം യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, പരിചയ സമ്പന്നനായ ബാറ്ര്സ്മാൻ അമ്പാട്ടി റായ്ഡു എന്നിവരെ സെലക്ഷൻ കമ്മിറ്രി തഴഞ്ഞു. സീനിയർ താരങ്ങളായ യുവ്രാജ് സിംഗ്, സുരേഷ് റെയ്ന എന്നിവർക്കും അവസരം ലഭിച്ചില്ല. ശുഭ്മാൻ ഗിൽ, പ്രിഥ്വി ഷാ, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യർ, ഖലീൽ അഹ്മദ്, നവ്ദീപ് സെയ്നി എന്നിവരുടെ പേരും സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പരിഗണനയ്ക്ക് വന്നിരുന്നു.
നാല് സ്പെഷ്യലിസ്റ്ര് ബാറ്ര്സ്മാൻമാർ, രണ്ട് വിക്കറ്ര് കീപ്പർമാർ, നാല് ആൾറൗണ്ടർമാർ, രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ, മൂന്ന് പേസർമാർ എന്നിങ്ങനെയാണ് ടീം ഘടന.
എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നാലാം നമ്പറിലേക്ക് വിജയ് ശങ്കറിനെ പരിഗണിച്ചത് അപ്രതീക്ഷിതമായി. അതേസമയം ഏറെക്കുറെ ആസ്ഥാനം ഉറപ്പിച്ചിരുന്ന അമ്പാട്ടി റായ്ഡുവിന് അടുത്ത കാലത്തായി ഫോം നഷ്ടമായത് തിരിച്ചടിയായി. ആൾ റൗണ്ട് മികവും വിജയ് ശങ്കറിന് പ്ലസ് പോയിന്റായി. പന്തിന്റെ യുവത്വത്തെക്കാൾ കാർത്തിക്കിന്റെ പരിചയ സമ്പന്നതയ്ക്കാണ് സെലക്ടർമാർ പ്രാധാന്യം നൽകിയത്. ഫോം നഷ്ടപ്പെട്ട് വലയുകയായിരുന്ന കെ.എൽ.രാഹുൽ ഇന്ത്യ എടീമിനൊപ്പവും ഇപ്പോൾ ഐ.പി.എല്ലിലും കളിച്ച് താളം കണ്ടെത്തുകയായിരുന്നു. റിസർവ് ഓപ്പണറായാണ് രാഹുലിന് അവസരം ലഭിച്ചിരിക്കുന്നത്. നാലാം നമ്പറിലും പരീക്ഷിക്കാവുന്ന താരമാണ് രാഹുൽ.
മുംബയ് ക്രിക്കറ്റ് സെന്ററിൽ തിങ്കളാഴ്ച രാവിലെ സെലക്ഷൻ കമ്മിറ്രി ചെയർമാൻ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിൽ ടീം നായകൻ വിരാട് കൊഹ്ലി, മുഖ്യ പരിശീലകൻ രവി ശാസ്ത്രി എന്നിവർ കൂടി ചേർന്നുള്ള യോഗത്തിന് ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചത്.
മേയ് 30 മുതൽ ജൂലായ് 14വരെ ഇംഗ്ലണ്ടിലും വേൽസിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. റൗണ്ട് -റോബിൻ രീതിയിലാണ് ആദ്യ റൗണ്ട്. ആദ്യ റൗണ്ടിൽ ജൂൺ 5ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ടീം പ്രഖ്യപിക്കേണ്ട അവസാന ദിനമായ ഏപ്രിൽ 23വരെ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അനുവാദമില്ലാതെ ടീമിൽ മാറ്റം വരുത്താൻ കഴിയും. പ്രസാദ് അദ്ധ്യക്ഷനായ സെലക്ഷൻ കമ്മറ്റിയിൽ ശരൺ ദീപ് സിംഗ്, ജിതിൻ പരാഞ്ജ്പേയ്, ഗഗൻ ഘോഡ, ദേബാംഗ് ഗാന്ധി എന്നിവരാണ് മറ്റ് അംഗങ്ങൾ.
കൊഹ്ലി & കോ.
ക്യാപ്ടൻ : വിരാട് കൊഹ്ലി
വൈസ് ക്യാപ്ടൻ: രോഹിത് ശർമ്മ
സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാർ: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കൊഹ്ലി, കെ.എൽ. രാഹുൽ
വിക്കറ്റ് കീപ്പർമാർ: എം.എസ്. ധോണി, ദിനേഷ് കാർത്തിക്.
ആൾ റൗണ്ടർമാർ: ഹാർദ്ദിക് പാണ്ഡ്യ, വിജയ് ശങ്കർ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ
സ്പെഷ്യലിസ്റ്ര് സ്പിന്നർമാർ: യൂസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്.
പേസർമാർ: ജസ്പ്രീത് ബുംര, ഭുവനേശർ കുമാർ, മുഹമ്മദ് ഷാമി,