shashi-tharoor

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ ആവശ്യപ്പെട്ടു. തുലാഭാരത്തട്ട് പൊട്ടിവീഴുന്ന സംഭവം ആദ്യമായിട്ടാണ് താൻ കേൾക്കുന്നത്. 86കാരിയായ തന്റെ അമ്മയ്‌ക്കും ഇതേ അഭിപ്രായമാണുള്ളത്. എല്ലാ കാര്യങ്ങളും അറിയുന്നത് നല്ലതല്ലേ. തനിക്ക് ഉണ്ടായത് ഇരിക്കട്ടെ. എന്നാൽ മറ്റൊരാൾക്കും ഇനി ഇങ്ങനെ ഉണ്ടാകരുത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ശശി തരൂർ ആശുപത്രി വിട്ടു. ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് പങ്കെടുക്കുന്ന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ ഗാന്ധാരിയമ്മൻ കോവിലിൽ വച്ചായിരുന്നു സംഭവം. തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസിൽ കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയിൽ പതിച്ചതിനെ തുടർന്ന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ വി.എസ്.ശിവകുമാർ എം.എൽ.എ, എം.,വിൻസന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ ചികിത്സയ്ക്കും പരിശോധനകൾക്കുമായി തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയിൽ എട്ടോളം തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാരുടെ പരിശോധനകൾക്ക് ശേഷം നിരീക്ഷണത്തിനായി അദ്ദേഹത്തെ ന്യൂറോ സർജറി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ് അറിയിച്ചു. പരിക്കേറ്റതിന് പിന്നാലെ തരൂരിന്റെ ഇന്നലത്തെ പര്യടന പരിപാടികൾ റദ്ദാക്കിയിരുന്നു. ഇന്ന് രാഹുലിന്റെ പരിപാടിയിൽ പങ്കെടുക്കുമെങ്കിലും സംസാരിക്കാനോ പ്രചാരണത്തിന് ഇറങ്ങാനോ തരൂരിന് അനുമതിയില്ല.

അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയും യൂത്ത് കോൺഗ്രസും പൊലീസിൽ പരാതി നൽകി. തുലാഭാരസമയത്തും അതിന് മുമ്പും ക്ഷേത്രത്തിലുണ്ടായിരുന്നവരെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. പരാതിയിൽ തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികതയില്ലെന്ന് തമ്പാനൂർ സി.ഐ അറിയിച്ചു. തുലാഭാരം നടക്കുന്ന ത്രാസുൾപ്പെടെ ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അട്ടിമറിയെന്ന് സംശയിക്കുന്ന യാതൊന്നും ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം ഒപ്ടിക് ഞരമ്പുകൾക്ക് അപകടമുണ്ടാകാതെയുണ്ടായ അപകടം വിഷു ദിനത്തിലെ യഥാർത്ഥ അത്ഭുതമെന്ന് ശശി തരൂർ ട്വിറ്റർ സന്ദേശത്തിൽ പ്രതികരിച്ചു. . ആദ്യം നല്ല ബുദ്ധിമുട്ട് തോന്നിയെങ്കിലും സംഭവിച്ചതിൽ ഗാന്ധാരി അമ്മൻ ദേവിയ്ക്ക് നന്ദിയെന്നാണ് തരൂരിന്റെ ട്വീറ്റ്.ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ ,എ.ഐ.സി.സി.സി നിരീക്ഷകൻ നാനോ പഠോല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു.