election

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സുധാകരൻ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട തിരഞ്ഞെടുപ്പ് പരസ്യം സ്ത്രീ വിരുദ്ധമെന്ന് പരാതി. തിരഞ്ഞെടുപ്പുമായി ബന്ധമില്ലാതെ ഒരു വീട്ടിലെ സ്വത്ത് തർക്കത്തിൽ തുടങ്ങുന്ന വീഡിയോ ക്രമേണ സ്ത്രീവിരുദ്ധമായ പദങ്ങളിലൂടെ കടന്ന് പോവുകയാണ്. അതിനൊപ്പം ശ്രീമതി ടീച്ചർ ഇമഗ്ലീഷിൽ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിനെയും ഈ വീഡിയോയിൽ കണക്കറ്റ് കളിയാക്കുന്നുണ്ട് . ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ കണ്ണൂരിൽ ഗ്രാമീണ അന്തരീക്ഷം തങ്ങുന്ന വീടിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്നലെയാണ് തിരഞ്ഞെടുപ്പ് പരസ്യം കെ.സുധാകരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പതിനായിരങ്ങളാണ് ഇതുവരെ ഈ വീഡിയോ കണ്ടിരിക്കുന്നത്. 'ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെന്റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല........'എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉയരുന്നത് ആദ്യമായല്ല, എൽ.ഡി.എഫ് കൺവീനർ വിജയരാഘവൻ ആലത്തൂർ മണ്ഡലത്തിലെ യു.ഡു.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.