parvathy-theruvoth

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ വെെകിപ്പിക്കുന്നുവെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സാമൂഹിക വിചാരണയാണെന്നും, എന്നാൽ അതിൽ ഡബ്ലു.സി.സിക്കോ തനിക്കോ ആശങ്കയില്ലെന്നും ആരെത്ര വൈകിപ്പിച്ചാലും നീതി ലഭിക്കുകതന്നെ ചെയ്യുമെന്നും പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പാർവതി വ്യക്തമാക്കി.

"വിചാരണ വൈകിപ്പിക്കുന്നവരുടെ പ്രവൃത്തികൾ ആളുകൾ കാണുന്നുണ്ട്. അതുവഴി സത്യം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കൂറുമാറ്റം അടക്കമുള്ള കാര്യങ്ങളിൽ അവർ ചെയ്യിപ്പിക്കുന്നതും ചെയ്യുന്നതും ആളുകൾ കാണുന്നുണ്ട്. ഇതും ഒരു വിചാരണയാണ്. മലയാള സിനിമയിൽ അരക്ഷിതാവസ്ഥയില്ലെന്ന് പറയാൻ തനിക്കു കഴിയില്ലെ"ന്നും പർവതി പറഞ്ഞു.

ഡബ്ല്യു.സി.സിയും അമ്മയും മുൻപ് എങ്ങനെ ആയിരുന്നോ അതുപോലെതന്നെയാണ് ഇപ്പോഴും. അതേസമയം, ഈ അവസ്ഥയിൽ പുതിയ ആളുകൾ വന്നാൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഒരുപാട് ഭീതിയുണർത്തുന്ന ഘട്ടത്തിൽക്കൂടിയാണ് ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു.