election-2019

കണ്ണൂർ: ഇന്ത്യയിൽ കണ്ണൂർ അറിയപ്പെടുന്നത് രാഷ്ട്രീയ അക്രമങ്ങളുടെ പേരിലാണെന്നും ഈ അപഖ്യാതി നേടിയെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനം കണ്ണൂർ ആയതു കൊണ്ടാണെന്നും പ്രതിരോധമന്ത്രി നിർമല സീതാരാമൻ. എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ പത്മനാഭന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അദ്ധ്യാപകനായ ബി.ജെ.പി നേതാവിനെ കുട്ടികളുടെ മുന്നിൽവച്ച് വെട്ടിക്കൊന്ന നാടാണിത്. ഈ കേസിൽ ഒരാളെ മാത്രമാണ് ശിക്ഷിച്ചത്. എന്നാൽ ശിക്ഷാ കാലാവധിക്കു ശേഷം അതേ സ്‌കൂളിലെ പി.ടി.എ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ ശത്രുതയുടെ ആഴം എത്രത്തോളമുണ്ടെന്നതിനു തെളിവാണിത്- അവർ പറഞ്ഞു.

വികസനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അജൻഡയല്ലെന്ന് അക്രമസംഭവങ്ങളിലൂടെ അവർ തെളിയിക്കുകയാണ്. എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിട്ടുണ്ടോ അവിടെല്ലാം തകർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. സോവിയറ്റ് റഷ്യയിലായാലും ക്യൂബയിലായാലും വെനിസ്വേലയിലായാലും പിന്നെ ബംഗാളിലും ത്രിപുരയിലും ഇത് നേരിട്ടു ബോദ്ധ്യപ്പെട്ടതാണ്. അക്രമം തുടരണമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. പാർട്ടിയുടെ മുഖമുദ്ര കപടനാട്യമാണ്. ഒന്നുപറയും, മറ്റൊന്ന് പ്രവർത്തിക്കും.

രാജ്യം മുഴുവൻ ഒറ്റ മുന്നണിയിലായി കോൺഗ്രസ്സും സി.പി.എമ്മും പ്രവർത്തിക്കും. രണ്ടു കക്ഷികളുടെയും സ്വഭാവം ഒന്നായതുകൊണ്ടു തന്നെയാണ് ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വയനാട്ടിലെ സി.പി.എം- കോൺഗ്രസ് ബന്ധവും പകൽപോലെ വെളിച്ചത്തു വരും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്‌ക്കുന്ന പ്രധാനമന്ത്രി എല്ലാവരുടെയും ഉന്നമനത്തിനാണ് പ്രവർത്തിച്ചതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.