red

കട്ടിളയുടെ ഇരു പടികളിലും കൈകൾ അമർത്തി മുന്നോട്ടാഞ്ഞ് നിൽക്കുകയായിരുന്നു ചന്ദ്രകല.
''മമ്മീ...'
തൊണ്ടയിൽ കുരുങ്ങിയ വാക്കുകളോടെ പാഞ്ചാലി ചാടിയെഴുന്നേറ്റു.
സുധാമണിക്കും രേവതിക്കും വിവേകിനും ചലന സ്വാതന്ത്ര്യം പോലും നഷ്ടമായി. രക്തം ഉൾവലിഞ്ഞ് അവരുടെ മുഖങ്ങൾ വിളറി.
അവരെ ആരെയും ശ്രദ്ധിച്ചില്ല ചന്ദ്രകല.
അകത്തേക്കു പാഞ്ഞുകയറി കൊടുങ്കാറ്റുപോലെ...
ആദ്യം കാൽകൊണ്ട് ഒരു തട്ട്! പാഞ്ചാലിക്കു കഴിക്കാനായി കപ്പ എടുത്തുവച്ച പാത്രത്തിൽ.
വല്ലാത്തൊരു ശബ്ദത്തോടെ പാത്രം തറയിൽ വീണുടഞ്ഞു.
കപ്പ പുഴുക്ക് ചുറ്റും ചിതറി.
പാഞ്ചാലി അടിമുടി വിറച്ചു.
ചന്ദ്രകല അവൾക്കു നേരെ വെട്ടിത്തിരിഞ്ഞു. പിന്നെ കൈ വീശി ഒറ്റയടി.
നനഞ്ഞ തുണി കല്ലിൽ അടിക്കുന്നതു പോലെ ഒരു ശബ്ദം.
''മമ്മീ...' വിലപിച്ചുകൊണ്ട് പാഞ്ചാലി കവിൾ പൊത്തി.
അടിതെറ്റിയതു പോലെ അവൾ ഒരു വശത്തേക്കു വേച്ചു.
''ഈ തെണ്ടികളുടെ വീട്ടിൽ വന്ന് ഇരന്നു തിന്നാൻ നിനക്ക് നാണമില്ലേടീ?'
ചന്ദ്രകല, പാഞ്ചാലിയുടെ മുടിയിൽ കുത്തിപ്പിടിച്ചു തനിക്കു നേരെ തിരിച്ചു.
മറ്റുള്ളവർക്കു കൂടി നാണക്കേടുണ്ടാക്കിയേ നീ അടങ്ങൂ അല്ലേ?'
അവൾ വലതു കൈയ്യുടെ അകവും പുറവും വീശി പാഞ്ചാലിയുടെ ഇരു കവിളുകളിലും ആഞ്ഞാഞ്ഞടിച്ചു. അവളുടെ ചുണ്ടുപൊട്ടി ചോര കിനിഞ്ഞു.
''വേണ്ട മമ്മീ... അടിക്കല്ലേ മമ്മീ...'
ഹൃദയം പിളരുന്ന നിലവിളിയായിരുന്നു പാഞ്ചാലിയുടേത്. കേട്ടു നിന്നിരുന്നവരുടെ മനം കലങ്ങി.
''കൊച്ചമ്മേ....' തൊഴുകൈകളോടെ സുധാമണി ഇരുവർക്കും അരുകിലേക്ക് ഓടിയടുത്തു.
''തല്ലല്ലേ പാഞ്ചാലി മോളേ.
ഞാൻ നിർബന്ധിച്ചിട്ടാ മോള്...'
ബാക്കി പറയാൻ സമ്മതിച്ചില്ല ചന്ദ്രകല. പാഞ്ചാലിയെ വിട്ട് അവൾ തിരിഞ്ഞു.
''ആര് നിർബന്ധിച്ചാലും കോവിലകത്തിന്റെ അന്തസ് നോക്കേണ്ടത് ഇവളാണ്. തെണ്ടിക്കൂട്ടങ്ങളുടെ വീട്ടിൽ നിന്ന്...'
ചന്ദ്രകലയ്ക്കും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സുധാമണിയുടെ മുഖം മാറി. അവരുടെ മുഖം ചുവന്നു.
''ദേ. കൊച്ചമ്മേ... തെണ്ടിക്കൂട്ടം പോലും! ഈ തെണ്ടി വച്ചുവിളമ്പിത്തന്നിരുന്നതാണല്ലോ കഴിഞ്ഞ പത്ത് പതിനാറ് വർഷങ്ങളായി മൂന്നു നേരവും നിങ്ങൾ കഴിച്ചിരുന്നത്? അപ്പോഴൊന്നും ഇങ്ങനെ ഒരു അയിത്തം ഞാൻ കണ്ടില്ലല്ലോ..'
തന്റെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതുപോലെ തോന്നി ചന്ദ്രകലയ്ക്ക്. രോഷം നിയന്ത്രിക്കാനായില്ല അവൾക്ക്.
സുധാമണിയുടെ കവിളടക്കവും ഒറ്റയടി. തന്റെ സർവ്വശക്തിയും സമാഹരിച്ച്.....!
''കൊച്ചമ്മേ..'
ദുർബലയായ ആ സ്ത്രീ കാറ്റുപിടിച്ച മരം കടപുഴകുന്നതു പോലെ കറങ്ങി വീണു.
വീഴ്ചയിൽ അവരുടെ ശിരസ്സ് ബഞ്ചിന്റെ മൂലയിൽ ഇടിച്ചു.
''അമ്മേ... ' മുന്നോട്ടു കുതിച്ച രേവതി, സുധാമണിയെ താങ്ങി.
സുധാമണി മിണ്ടിയില്ല....
കൃഷ്ണമണികൾ പിടഞ്ഞു മറിയുന്നതു പോലെ.... അവരുടെ സ്വബോധം നശിക്കുകയായിരുന്നു.
''മോനേ വിവേകേ....' അവൾ അലറി വിളിച്ചു. ''വേഗം വെള്ളം കൊണ്ടുവാടാ..'
ആദ്യമുണ്ടായ മരവിപ്പിൽ നിന്ന് പിടഞ്ഞുണർന്നു വിവേക്. ശേഷം അവൻ അടുക്കളയിലേക്കു പാഞ്ഞു.
കൈയിൽ കിട്ടിയ മഗ്ഗിൽ വെള്ളവുമായി ഓടിവന്നു. കുറച്ച് കൈവെള്ളയിലേക്കൊഴിച്ച് സുധാമണിയുടെ മുഖത്തേക്കു ചെപ്പി.
സുധാമണിയുടെ കൺപോളകൾ ഒന്നനങ്ങി.
അവൻ മഗ്ഗ് അവരുടെ ചുണ്ടോടു ചേർത്തു.
ദാഹിച്ച് അവശയായതുപോലെ സുധാമണി വെള്ളം കുടിച്ചു.
തുടർന്ന് ഒന്നും മനസ്സിലാകാത്തതുപോലെ ചുറ്റും പകച്ചു നോക്കി.
സ്തബ്ധയായി നിൽക്കുകയാണ് പാഞ്ചാലി. പക്ഷേ ചന്ദ്രകലയ്ക്ക് യാതൊരു കുലുക്കവുമില്ല.
''അമ്മമ്മേ..'
വിവേക്, ഞെട്ടലോടെ സുധാമണിയുടെ ശിരസ്സിലേക്കു നോക്കി.
ഒരു ചുവന്ന വരയായി നെറ്റിയിലേക്ക് ഒഴുകിയിറങ്ങുന്ന ചോര!
അവന്റെ സകല നിയന്ത്രണങ്ങളും പോയി. ഞരമ്പുകളിൽ രക്തം കുതിച്ചു പാഞ്ഞു.
''എടീ പെണ്ണുമ്പിള്ളേ...'
ആക്രോശിച്ചുകൊണ്ട് വിവേക് ചാടിയെഴുന്നേറ്റു. ''ഇത് നിങ്ങടെ കൊമ്പത്തെ കോവിലകമല്ല. ഞങ്ങടെ വീടാണ്. ഇവിടെ വന്ന് എന്റെ അമ്മമ്മയെ തല്ലാൻ നിങ്ങൾ കാട്ടിയ ധൈര്യത്തിന് മറുപടി തന്നേ പറ്റൂ.'
അവൻ ചന്ദ്രകലയ്ക്കു നേർക്ക് വിരൽ ചൂണ്ടി: ''ഇനി നിങ്ങൾ ഒരക്ഷരം മിണ്ടിയാൽ.... അനാവശ്യമായി ഒന്നു ചലിച്ചാൽ... ഒരുപാട് കാലം അമ്മമ്മ...
എല്ലു മുറിയെ പണിയെടുത്തിട്ടായാലും അവിടുന്നു കിട്ടിയ കൂലികൊണ്ട് ഞങ്ങൾ അന്നം കഴിച്ചതാണെന്നതു പോലും ഞാനങ്ങ് മറക്കും.'
അവന്റെ ശബ്ദത്തിൽ തീ എരിഞ്ഞു.
ചന്ദ്രകലയുടെ ഉള്ളിൽ ഒരു നടുക്കം മിന്നി. എങ്കിലും അതവൾ പുറത്തുകാട്ടിയില്ല.
ഇത്തിരിപ്പോന്ന ഒരു ചെക്കൻ.... അവൻ വടക്കേ കോവിലകത്തെ ചന്ദ്രകലയ്ക്കു നേരെ കൈ ചൂണ്ടുന്നു.
ഇവിടെ തോൽക്കാൻ പാടില്ല.
''നീ എന്നെ എന്തു ചെയ്യും?'
ചോദിച്ചതും അവന്റെ നെഞ്ചിൽ കൈ കുത്തി ചന്ദ്രകല പിന്നോട്ടു തള്ളി. ''തെണ്ടിച്ചെറുക്കാ.'
വിവേകിന് വിവേകം നഷ്ടമായി. പിന്നെ ഒന്നും ചിന്തിച്ചില്ല അവൻ.
കൈവീശി ഒന്നു പൊട്ടിച്ചു. ചന്ദ്രകലയുടെ കവിളിൽ....
''വിവേക് .....' അമ്പരപ്പിലുള്ള പാഞ്ചാലിയുടെ വിളി.
ചന്ദ്രകലയുടെ കവിൾ പുകഞ്ഞു...!
(തുടരും)