കല്യാണം കഴിഞ്ഞാൽ അടുത്ത മാസം മുതൽ വിശേഷം ആയില്ലേ എന്ന ചോദ്യം ഉയരും. എത്ര പരിഷ്കൃത സമൂഹമായാലും ഈ ചോദ്യത്തിന് ഒരു മാറ്റവുമുണ്ടാകില്ല. ഇപ്പോൾ നടി ദീപിക പദുകോണും ഈ ചോദ്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ അറിയിക്കാമെന്ന് മറുപടി നൽകുകയാണ് പദ്മാവത് താരം.
'സംഭവിക്കേണ്ട സമയത്ത് കാര്യങ്ങൾ കൃത്യമായി സംഭവിക്കും. വിവാഹം കഴിഞ്ഞു എന്ന ഒറ്റക്കാരണം കൊണ്ടാണ് അമ്മയാകുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ എത്തുന്നത്. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരിക്കലും സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. ഒരിക്കൽ അത് സംഭവിക്കും. ആ ഘട്ടത്തിലൂടെ കടന്നുപോകാൻ നിർബന്ധിക്കുന്നത് ശരിയല്ല. മാറ്റം മനസുകളിൽ ഉണ്ടായാൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് അവസാനമുണ്ടാകൂ'- ദീപിക പറയുന്നു.
ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ദീപിക രൺവീർ സിംഗിനെ വിവാഹം കഴിച്ചത്. സിനിമയിൽ വളരെ സെലക്ടീവായ ദീപിക പദ്മാവതിനു ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിത കഥ പറയുന്ന ഛപ്പാക്കിൽ അഭിനയിക്കുകയാണ് താരം.