കൽപ്പറ്റ: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾക്ക് ഒരു തെറ്റുപറ്റി , ആ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് വക്താവും നടിയുമായ ഖുശ്ബു പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലെത്തിയതായിരുന്നു അവർ.
മാനന്തവാടിയിലെ തൊണ്ടർനാട് കുഞ്ഞോത്ത് പൊതുയോഗത്തിലേക്ക് ഞായറാഴ്ച രാത്രി എട്ടുമണി കഴിഞ്ഞപ്പോഴാണ് ഖുശ്ബു എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ ഖുശ്‌ബുവിനെ കാത്തുനിന്നിരുന്നു. തമിഴിൽ പ്രസംഗിച്ചു തുടങ്ങിയ ഖുശ്ബു ദേശീയ - സംസ്ഥാന രാഷ്ട്രീയവും തെന്നിന്ത്യൻ രാഷ്ട്രീയവുമടക്കം വയനാട്ടിലെ പ്രാദേശിക പ്രശ്നങ്ങൾ വരെ ഉന്നയിച്ച് ആൾക്കൂട്ടത്തെ കൈയിലെടുത്തു.
ശബരിമല, നോട്ടുനിരോധനം ,റാഫേൽ അഴിമതി, ജി.എസ്.ടി ,വർഗീയത തുടങ്ങി ഗൗരവമേറിയ വിഷയങ്ങൾ മോദിയുടെ ഭരണത്തിൽ ജനങ്ങൾ അനുഭവിക്കേണ്ടി വന്നെന്ന് അവർ പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിൽ മാത്രമാണ് പ്രതീക്ഷ . ചുരുങ്ങിയത് അഞ്ചുലക്ഷം ഭൂരിപക്ഷത്തിലെങ്കിലും രാഹുലിനെ വയനാട്ടുകാർ വിജയിപ്പിക്കും. ജനങ്ങളുടെ അക്കൗണ്ടിലല്ല മോദിയുടെയും കോടീശ്വരന്മാരുടെയും അക്കൗണ്ടിലാണ് അഞ്ചുവർഷം കൊണ്ട് പണമെത്തിയത്. തെന്നിന്ത്യയിൽ രാഹുൽ തരംഗമുണ്ട്. യു.പി.എ. അധികാരത്തിൽ വരുമെന്നും ഖുശ്‌ബു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുലിനെ തോൽപ്പിക്കാൻ ശ്രമിക്കുന്ന മോദിക്ക് വയനാട്ടിൽ വരാൻ ധൈര്യമുണ്ടോയെന്ന് ഖുശ്ബു വെല്ലുവിളിച്ചു. നിരവിൽ പുഴയിൽ നിന്നാരംഭിച്ച റോഡ് ഷോ 25 കിലോമീറ്റർ പിന്നിട്ട് പനമരത്ത് സമാപിച്ചു. തുറന്ന വാഹനത്തിൽ സഞ്ചരിച്ച താരത്തെ കാത്ത് രാത്രി വൈകിയും നൂറ് കണക്കിനാളുകൾ പാതയോരത്ത് കാത്തുനിന്നു. കോറോം ,മക്കിയാട്, വെള്ളമുണ്ട പത്താം മൈൽ, വെള്ളമുണ്ട എട്ടേനാൽ, തരുവണ ,നാലാം മൈൽ, കെല്ലൂർ, അഞ്ചുകുന്ന് എന്നിവിടങ്ങളിൽ രാഹുലിന് വേണ്ടി ഖുശ്‌ബു വോട്ടഭ്യർത്ഥിച്ചു. വടക്കേ വയനാട്ടിൽ പ്രചാരണത്തിന് ആവേശം പകർന്നാണ് റോഡ് ഷോ അവസാനിച്ചത്.