amabatti

മുംബയ് : രണ്ട് മാസം മുമ്പ് വരെ ടീം ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനയായ നാലാം നമ്പറിലെ ആദ്യ ചോയ്സായിരുന്നു അമ്പാട്ടി റായ്ഡു. ലോകകപ്പ് ടീമിൽ അദ്ദേഹം സ്ഥാനം ഉറപ്പിച്ചെന്നു തന്നെ എല്ലാവരും കരുതി.

എന്നാൽ സമീപകാലത്ത് ഫോം ഔട്ടായി പോയത് അമ്പാട്ടിയുടെ വിധിയെഴുതുകയായിരുന്നു. ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ അമ്പാട്ടി നൈസായി ഒഴിവാക്കപ്പെട്ടു.

ഐ.സി.സി.യും ഞെട്ടി

ഏകദിനത്തിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെക്കാൾ ബാറ്റിംഗ് ശരാശരിയുള്ള അമ്പാട്ടിയെ ഒഴിവാക്കിയതിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും അശ്ചര്യം പ്രകടിപ്പിച്ചു.

അമ്പാട്ടിയെ ഒഴിവാക്കിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ട്വിറ്ററിലൂടെയാണ് ഐ.സി.സി ആക്കം കൂട്ടിയത്.

ഏകദിനത്തിൽ 20 ഇന്നിംഗ്സുകൾ തികച്ചവരിൽ ഏറ്റവും കൂടുതൽ ബാറ്റിംഗ് ശരാശരിയുള്ള അഞ്ച് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിനൊപ്പം അമ്പാട്ടിയെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ഐ.സി.സിയുടെ ട്വീറ്റ്.

രണ്ടായിരത്തിന്റെ തുടക്കത്തിൽ സച്ചിന്റെ പിൻഗാമിയെന്ന വിശേഷണവുമായി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ആന്ധ്രാ സ്വദേശിയായ അമ്പാട്ടിക്ക് പലപ്പോഴും ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയില്ല.

മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് 2009ൽ വിമത ക്രിക്കറ്റ് ലീഗായ ഐ.സി.എല്ലിൽ കളിച്ചതോടെ ബി.സി.സി. ഐ ക്ക് അനഭിമതനായി. പിന്നീട് മാപ്പെഴുതിക്കൊടുത്താണ് പ്രശ്നം പരിഹരിച്ചത്

2013 ൽ തന്റെ 28 വയസിലാണ് അമ്പാട്ടി ഇന്ത്യയ്ക്കായി ആദ്യ ഏകദിനം കളിക്കുന്നത്.

പിന്നീട് പലപ്പോഴും പരിക്കും ഫോം ഇല്ലയ്മയും വില്ലനായതോടെ അമ്പാട്ടി ടീമിൽ വന്നും പോയുമിരുന്നു. കഴിഞ്ഞ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള തകർപ്പൻ പ്രകടനം ഇന്ത്യൻ ടീമിൽ അമ്പാട്ടിയുടെ സ്ഥാനം സ്ഥിരമാക്കിയതായിരുന്നു. എന്നാൽ ഇത്തവണത്തെ ഐ.പി.എല്ലും അതിന് തൊട്ടുമുമ്പുള്ള മോശം പ്രകടനങ്ങളും അമ്പാട്ടിയുടെ സ്ഥാനം തെറിപ്പിക്കുകയായിരുന്നു.

പ്രസാദിന്റെ വിശദീകരണം

അമ്പാട്ടി റായ്ഡുവിന് അവസരങ്ങൾ നൽകി. പക്ഷേ വിജയ് ശങ്കറിനെ മൂന്ന് രീതിയിൽ ഉപയോഗിക്കാം. അദ്ദേഹം ബാറ്റ് ചെയ്യും ബൗൾ ചെയ്യും മികച്ച ഫീൽഡറുമാണ്. അതിനാൽ തന്നെ നാലാം നമ്പറിൽ വിജയ് ശങ്കറിന് അവസരം നൽകുകയായിരുന്നു.

അമ്പാട്ടിയുടെ ട്വീറ്റ്

ലോകകപ്പ് കാണുന്നതിനായി പുതിയ 3ഡി കണ്ണടയ്ക്ക് ഓർഡർ ചെയ്തു.