കേരളരാഷ്ട്രീയത്തിൽ ചരിത്രമായി മാണിസാർ വിടപറയുമ്പോൾ ആ സിംഹാസനത്തിലിരിക്കാൻ അർഹതയുള്ള ഒരു നേതാവും ഇന്ന് ജീവിച്ചിരിപ്പില്ല. ഇത് ഭംഗിവാക്കല്ല, യാഥാർത്ഥ്യ ബോധത്തോടെയുള്ള നിരീക്ഷണമാണ്. പ്രഗത്ഭനായ ഒരു ഭരണാധികാരിയെന്ന നിലയിൽ, സൈദ്ധാന്തികനെന്ന നിലയിൽ നേതാവെന്ന നിലയിൽ സുഹൃത്തെന്ന നിലയിൽ കാരണവർ എന്ന നിലയിൽ ഏത് അളവുകോൽ വച്ചു നോക്കിയാലും മാണിസാർ മാതൃകയാണ്. മിത്രങ്ങൾക്കു മാത്രമല്ല, ശത്രുക്കൾക്കും അദ്ദേഹം പ്രചോദനമാണ്. ഒരു കുടുംബനാഥൻ മുതൽ ഉന്നതനായ ഒരു ഭരണാധികാരിക്കു വരെ മാണിസാറിൽ നിന്നും പഠിക്കാൻ ഏറെയുണ്ട്. അതുകൊണ്ടു കൂടിയാവണം എല്ലാവർക്കും അദ്ദേഹം മാണിസാർ ആകുന്നത്. സമൂഹം ചിലർക്ക് നിറഞ്ഞ മനസോടെ നൽകുന്ന ചില സ്ഥാനപ്പേരുകൾ ഉണ്ട്. ലീഡർ എന്നു പറഞ്ഞാൽ കെ. കരുണാകരൻ എന്നതിന്റെ പര്യായമാണ്. അതുപോലെതന്നെ സാർ എന്ന വിളിപ്പേര് പൊതുസമൂഹം ബഹുമതിയായി നൽകിയത് മാണിസാറിനാണ്.
കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസ്. ജീവിതകാലം മുഴുവൻ കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിലുള്ള ഗവേഷണത്തിലും നയവ്യതിയാനത്തിനെതിരെ നിതാന്തജാഗ്രതയിലും ആയിരുന്നു. ഇന്ത്യയിൽ ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയ ദിവസം അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അത് ഇ.എം.എസിന് പ്രകൃതിയൊരുക്കിയ അടയാളപ്പെടുത്തലായിരുന്നു. അതുപോലെതന്നെ മദ്യവർജ്ജനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രൊഫസർ എം.പി. മന്മഥനും ഈ ലോകത്തോട് വിടപറഞ്ഞത് ഒരു മദ്യവിമുക്ത ദിനത്തിലായിരുന്നു. ഇവിടെ മാണിസാർ വിടപറയുമ്പോൾ പി.ടി. ചാക്കോ എന്ന രാഷ്ട്രീയാചാര്യന്റെ ജന്മദിനമായത് യാദൃശ്ചികമല്ല. നിയതിയുടെ നിർവചനമാണ്.
കേരളത്തിലെ കാർഷികമേഖലയുടെ വളർച്ചയ്ക്ക് പുതിയ ആശയം നൽകിയ ഒരു സൈദ്ധാന്തികൻ എന്നത് മാണിസാറിന് മാത്രം അവകാശപ്പെട്ടതാണ്. തൊഴിലാളിവർഗ സർവാധിപത്യത്തിനുവേണ്ടി കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിച്ചപ്പോൾ തൊഴിൽദാതാവിന്റെ അദ്ധ്വാനത്തിന് മതിയായ സംരക്ഷണം കൂടി ഉറപ്പാക്കുന്നതായിരുന്നു മാണിസാറിന്റെ പ്രായോഗിക സിദ്ധാന്തം. കേരളത്തിലെ തോട്ടം മേഖലയിലും നെൽക്കൃഷി മേഖലയിലും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സംരക്ഷണം ഏർപ്പെടുത്തി അദ്ദേഹം ഇത് ബോദ്ധ്യപ്പെടുത്തി. കർഷകത്തൊഴിലാളികൾക്ക് എന്നപോലെ ചെറുകിട കർഷകർക്കും അനുവദിച്ച സുരക്ഷാപെൻഷനും വിളകൾക്കുള്ള അടിസ്ഥാനവിലയും വിലസ്ഥിരതാ ഫണ്ടും കാർഷിക ഇൻഷുറൻസും എല്ലാംതന്നെ ഈ ആശയത്തിന്റെ പ്രതിഫലനമായിരുന്നു. അതുകൊണ്ടുതന്നെ ആ മേഖലയിൽ പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും പ്രവർത്തനം നടക്കുന്നു. പരിണിതപ്രജ്ഞനായ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ എല്ലാംതന്നെ രാജ്യത്തിന് ഒരു ഏകീകൃത നികുതി സംവിധാനം എന്ന ആശയം മുന്നോട്ടു വയ്ക്കുമായിരുന്നു. ജി.എസ്.ടി. യാഥാർത്ഥ്യമായപ്പോൾ ജി. എസ്. ടി. കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഗണിച്ചത് മാണിസാറിനെയായിരുന്നു എന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിനുള്ള അംഗീകാരമായിരുന്നു. സി.പി.എമ്മിന്റെ പ്രത്യേക പ്ലീനത്തിലെ സാമ്പത്തിക ഗവേഷണ സെമിനാറിനും മുഖ്യാതിഥിയായത് മാണിസാർ ആയിരുന്നു. എതിരാളികൾക്കും അദ്ദേഹം ഒരു ഗവേഷണ സഹായിയാണ് എന്നതിന് ഇതിൽപ്പരം ഉദാഹരണം വേണോ ?
ഭേദിക്കാനാവാത്ത കൈയൊപ്പുകൾ ചാർത്തിക്കൊണ്ടാണ് മാണിസാർ കടന്നുപോയത്. ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി, നാളിതുവരെയുള്ള ചരിത്രത്തിൽ പാലാ മണ്ഡലത്തിൽ നിന്നുള്ള ഏക എം. എൽ. എ, ഏറ്റവും കൂടുൽ തവണ മന്ത്രി ...അങ്ങനെ നിരവധി റെക്കോഡുകൾ സ്ഥാപിച്ചിട്ടാണ് മാണിസാർ ചരിത്രമായത്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അത് മറികടക്കാനുള്ള നേതാക്കന്മാർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. വിശ്വാസത്തിന്റെയും മതേതരത്വത്തിന്റെയും നല്ല പാഠങ്ങൾ സമൂഹത്തിന് നൽകുന്നതിൽ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ തന്റേടവും വളർച്ചയും. മറ്റ് നേതാക്കന്മാർക്ക് പലപ്പോഴും ഇല്ലാതെ പോയതും അതാണ്. അതാണ് അവരുടെ തളർച്ചയും. അതുകൊണ്ടുതന്നെ മാണിസാർ ഒരു പുസ്തകമല്ല, ഒരു ഗ്രന്ഥശാല തന്നെയാണ്. വിവിധ മതങ്ങളും ജാതിയും ഉപജാതിയുമുള്ള നമ്മുടെ നാട്ടിൽ എല്ലാവർക്കും സുഹൃത്തും വഴികാട്ടിയും മാതൃകയുമായിരുന്നു മാണിസാർ. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ഇഴയടുപ്പമുള്ള ബന്ധം സ്ഥാപിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആവശ്യ സമയങ്ങളിലെല്ലാം കൃത്യമായ ഇടപെടലിലൂടെ പിന്നാക്ക ജനതയുടെ അവകാശ സംരക്ഷണത്തിന് കളമൊരുക്കിയതിൽ മാണിസാറിന് നിർണായകമായ പങ്കുണ്ട്. ജീവിതം തന്നെ സാമൂഹ്യ സേവനത്തിന് സമർപ്പിച്ച മാണിസാറിന്റെ വേർപാട് സമൂഹത്തിന് നഷ്ടമാണ്. പുതിയ പ്രായോഗിക സിദ്ധാന്തം അവതരിപ്പിക്കാൻ മാണിസാറിനെപ്പോലെ ഒരാളെക്കിട്ടാൻ ഇനിയും എത്രനാൾ കാത്തിരിക്കണം. പ്രിയ മാണിസാറിന്റെ വേർപാടിൽ കണ്ണീർ പ്രണാമം.