election-2019

ആർ.എസ്. എസിനെ ഉന്മൂലനം ചെയ്യാൻ കോൺഗ്രസില്ല

പത്തനംതിട്ട: എല്ലാത്തരം വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ പ്രചാരണ സമ്മേളനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരാൾക്ക് സ്വന്തം ആശയത്തിൽ വിശ്വസിക്കാനും മറ്റുള്ളവയോടു വിയോജിക്കാനും അവകാശമുണ്ട്. വിയോജിക്കുന്നവരോട് ബഹുമാനം പുലർത്തണം. സമാധാനപരമായും അക്രമരഹിതമായും വേണം വിശാസവും ആശയങ്ങളും പ്രകടിപ്പിക്കാനെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതമെന്നാണ് ബി.ജെ.പി പറയുന്നത്. കോൺഗ്രസിന്റെ മുദ്രാവാക്യം ബി.ജെ.പി മുക്ത ഭാരതമെന്നല്ല കോൺഗ്രസിന്റെ മുദ്രാവാക്യം. ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഉന്മൂലനം ചെയ്യുന്നതല്ല കോൺഗ്രസിന്റെ നയം.

ഒരു ആശയവും ഒരു ചിന്തയും ഒരു വിശ്വാസവും അതനുസരിച്ചുളള ഭരണഘടനയും അടിച്ചേൽപ്പിക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. പ്രധാനമന്ത്രി മോദിയും ആ അജണ്ട നടപ്പാക്കാൻ ശ്രമിച്ചു. അത് രാജ്യത്തിന്റെ വൈവിദ്ധ്യത്തെ തകർക്കും.

കാവൽക്കാരൻ റാഫേലിനെപ്പറ്റി മിണ്ടുന്നില്ല

തന്നെ പ്രധാനമന്ത്രിയാക്കേണ്ട, കാവൽക്കാരനാക്കിയാൽ മതിയെന്ന് പറഞ്ഞ മോദി ജനങ്ങളുടെ വോട്ടു വാങ്ങി അനിൽ അംബാനിയുടെ കാവൽക്കാരനായി. 30,000 കോടി രൂപയാണ് അനിൽ അംബാനിക്ക് മോദി നൽകിയത്. ഒരു വിമാനം പോലും നിർമ്മിക്കാത്ത അനിൽ അംബാനിക്ക് ഏറ്റവും വലിയ യുദ്ധവിമാനക്കരാറാണ് ദാനം ചെയ്തത്. ഇന്ത്യക്ക് കൊടുത്ത കരാറാണ് അനിൽ അംബാനിക്ക് കൊടുത്തതെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. അഴിമതിക്കെതിരെ നിരന്തരം പറയുന്ന പ്രധാനമന്ത്രിയോട് പാർലമെന്റിൽ ഞങ്ങൾ ലളിതമായ ചോദ്യങ്ങൾ ചോദിച്ചു.യുദ്ധവിമാനക്കരാർ അനിൽ അംബാനിക്ക് നൽകിയത് എന്തുകൊണ്ട്? പരിചയമുളള ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിന് എന്തുകൊണ്ട് കരാർ നൽകിയില്ല? ഒന്നിനും ഉത്തരമുണ്ടായിരുന്നില്ല. മോദി റാഫേലിനെപ്പറ്റിയോ അനിൽ അംബാനിയെപ്പറ്റിയോ മിണ്ടിയില്ല.

കോൺഗ്രസ് അദികാരത്തിലേറിയാൽ നാേട്ട് നിരോധനത്തിലൂടെ നരേന്ദ്രമോദി തകർത്ത സമ്പദ് വ്യവസ്ഥയെ ന്യായ് പദ്ധതിയിലൂടെ പുനർനിർമ്മിക്കും. നികുതി ഉയർത്തില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ല. കർഷകർക്കായി ഒരു ബജറ്റ് എന്ന വാഗ്ദാനം കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത് ആയിരക്കണക്കിനു കർഷകരോടു സംസാരിച്ചശേഷമാണ്. റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കും. ചരക്കു സേവന നികുതി ( ജിഎസ്ടി) ഉടച്ചുവാർക്കും. ഒറ്റനികുതി, ലളിത നികുതി, മിനിമം നികുതി ഇതായിരിക്കും ജി.എസ്.ടിയുടെ ഘടന.

കേരളത്തെക്കുറിച്ച് അഭിമാനം


കേരളത്തിൽ മത്സരിക്കാനും നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാകുന്നത് അഭിമാനമാണ്. കേരളത്തിന്റെ പ്രതിനിധിയായാൽ അതു വലിയ ഭാഗ്യമാകും. വ്യത്യസ്തങ്ങളായ ആശയങ്ങളും ജീവിതരീതികളും പുലരുമ്പോൾ തന്നെ പരസ്പരം കരുതാനും സ്‌നേഹിക്കാനും കഴിയുന്നവരാണ് കേരളീയർ. സ്വന്തം വിശ്വാസത്തിൽ ഉറച്ചുനിന്നു കൊണ്ടുതന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് കേരളീയർ. നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ലഭിച്ച അവസരമായി ഞാൻ ഇതിനെ കാണുന്നു. കേരള ചരിത്രം, പാരമ്പര്യം ഇവയെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. നിങ്ങളുടെ ഭാഷ പഠിക്കാനും ശ്രമിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.