sivagiri-

ഗുരുദേവൻ ശിവഗിരിയിൽ വിദ്യാദേവതയായ ശ്രീശാരദാംബയെ പ്രതിഷ്ഠിച്ചതിന്റെ 107-ാം വാർഷികദിനമാണ് ഏപ്രിൽ 19. ഉപാധിരഹിതമായ അറിവിന്റെ വെളിച്ചം കൊണ്ട് സമസ്തമനുഷ്യരുടെയും ജീവിതത്തിലെ ഇരുളകലണം എന്നതായിരുന്നു ഗുരുദേവന്റെ ലക്ഷ്യം. അധഃസ്ഥിതജനവിഭാഗങ്ങൾക്ക് ലൗകികസ്വാതന്ത്ര്യം പോലും പ്രാപ്തമാകാതിരുന്ന കാലത്ത് ഗുരുദേവൻ ദേവതാപ്രതിഷ്ഠകൾ നടത്തിയത് ഭക്തന്മാർക്ക് അഭീഷ്ടം സാദ്ധ്യമാക്കിക്കൊടുക്കുമെന്ന പുരാണദേവതാസങ്കല്പത്തിന്റെ ചുവട് പിടിച്ചായിരുന്നില്ല. മറിച്ച് ഇഷ്ടദേവതോപാസനയിലൂടെ ആദ്ധ്യാത്മിക സ്വാതന്ത്ര്യം അനുഭവിക്കുന്നതിനും അതിലൂടെ സർവാത്മഭാവത്തിലേക്ക് ഭക്തനു ഉയരുവാനുമുള്ള സാത്വികാരാധനാ മാർഗങ്ങൾ തുറന്നിട്ടുകൊണ്ടായിരുന്നു. ഇതിലൂടെ അതുവരെയും സമൂഹത്തിൽ നിലനിന്നിരുന്ന ഭക്തിയുടെയും ആരാധനയുടെയും ദേവതാസങ്കല്പങ്ങളുടെയും, പൗരോഹിത്യപരമായ കല്പനകളെയും പാരമ്പര്യത്തെയും ഉള്ളടക്കത്തെയും ഗുരു അടിമുടി പരിഷ്‌കരിക്കുകയും നവീകരിക്കുകയുമായിരുന്നു. ഇങ്ങനെ പുതിയൊരു ആരാധനാ സംസ്‌കാരത്തിന്റെ രൂപപ്പെടലിനു വഴിയൊരുക്കുകയായിരുന്നു ഗുരു. ഈ ചരിത്രം മനസിലാക്കാതെയാണു ഗുരുവിന്റെ ദേവതാപ്രതിഷ്ഠകളെയും ദേവതാസങ്കല്പത്തെയും സ്‌തോത്രകൃതികളെയും പലരും നോക്കിക്കാണുന്നതും നിർവചിക്കുന്നതും. ഇതെല്ലാം പരംപൊരുളിന്റെ അഥവാ ആദിമഹസിന്റെ പ്രകാശവും പ്രകാശനവുമാണെന്ന് അറിയാതെയുള്ള ഏതൊരു വിലയിരുത്തലും മുയലിന്റെ കൊമ്പിനെ വിശദീകരിക്കുന്നതുപോലെ അർത്ഥശൂന്യമാണ്.


നമ്മെത്തന്നെ വെളിപ്പെടുത്തുന്ന, അറിവിലുമേറിയ അറിവിന്റെ നിരുപാധിക വെളിച്ചം പ്രകാശിപ്പിക്കുന്ന ജ്ഞാനസ്വരൂപിണിയാണു ശ്രീശാരദ. അതുകൊണ്ടുതന്നെ ശ്രീശാരദാധ്യാനം ആത്മാനുസന്ധാനത്തിന്റെ ശ്രേയോമാർഗമാണ്. ശാരദാമഠത്തെ കേവലമൊരു ക്ഷേത്രമായും ശാരദാപ്രതിഷ്ഠയെ കേവലമൊരു ദേവീപ്രതിഷ്ഠയായും കാണുന്നവർക്ക് ഈ തത്ത്വം മനസിലാവുകയില്ല. ശാരദാപ്രതിഷ്ഠയുടെ കനകജൂബിലിവേളയിൽ ആരംഭിച്ച ശ്രീനാരായണധർമ്മമീമാംസാ പരിഷത്ത് ഈ തത്ത്വബോധം ഉറപ്പിക്കുന്നതിനുള്ള ജ്ഞാനദാനയജ്ഞമാണ്. ഇപ്പോൾ പരിഷത്തിന്റെ 57-ാമത് ജ്ഞാനദാനയജ്ഞമാണ് ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായി ശിവഗിരിയിൽ നടക്കുന്നത്.


ഇതൊരു സാധനാപഠനയജ്ഞമാണ്. ശിവഗിരിമഠത്തിലെ ആശ്രമാന്തരീക്ഷത്തിൽ ഭക്തിയും ശുദ്ധിയുമാചരിച്ച് പഞ്ചശുദ്ധീവ്രതരായി മൂന്നുദിവസം താമസിച്ച് ഗുരുധ്യാനം നടത്തുന്നതും ഗുരുദർശനവിചാരം ചെയ്യുന്നതും ചർച്ചയും മനനവും ചെയ്തു നേരായ അറിവ് നേടുന്നതും ഏതൊരു ക്ഷേത്രദർശനത്തെക്കാളും അനുഷ്ഠാനത്തെക്കാളും നിവേദ്യസമർപ്പണത്തെക്കാളും പുണ്യാത്മകമാണ്. ഏതു കാര്യത്തിലുമുള്ള അശാസ്ത്രീയമായ പഠനം നമ്മെ വഴിതെറ്റിക്കും. ആചാര്യൻ തത്വജ്ഞാനിയല്ലെങ്കിൽ ശിഷ്യർ ഗ്രഹിക്കുന്നതെല്ലാം തത്ത്വത്തിനു നിരക്കാത്തതായിത്തീരുമല്ലോ. ധർമ്മാധർമ്മവിവേകം സാധിക്കാനാവാതെ സംശയഗ്രസ്തനായി ഏതാണു സ്വീകരിക്കേണ്ടത് ഏതാണ് നിരാകരിക്കേണ്ടത് എന്നറിയാതെ ഉഴറുന്ന സംശയാലുക്കൾക്ക് ഒന്നിലും വിശ്വാസമുറയ്ക്കുകയില്ല.


അതുകൊണ്ടാണ് ആചാര്യന്മാർ ധ്യാനമനനാദികൾക്കും സാധനാപഠനത്തിനും സ്വാദ്ധ്യായത്തിനും പ്രാധാന്യം നല്കുന്നത്. ധ്യാനമനസും മനനബുദ്ധിയും ജ്ഞാന ഹൃദയവുമുണ്ടായാൽ ഒരുവൻ ശുദ്ധനും മുക്തനുമായിത്തീരും. ഈ ഏകാഗ്രതയിൽ വിജയം കൈവരിക്കുന്നവനാണ് സമൂഹത്തെ നയിക്കുവാനും ജനങ്ങളെ നന്മയിലേക്ക് ആനയിക്കുവാനും അർഹനും യോഗ്യനും അധികാരിയുമായിരിക്കുന്നത്. ഇത്തരത്തിൽ പാകപ്പെട്ടു പരോപകാരിയാകുന്നവനെയാണ് 'അയലുതഴപ്പതിനായതി പ്രയത്നം ചെയ്യുന്ന നയമറിയുന്ന നരൻ' എന്നു ഗുരുദേവൻ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ ലോകസംഗ്രഹപ്രവർത്തനങ്ങളിലൂടെ പരോപകാരാർത്ഥം കർമ്മങ്ങളിലേർപ്പെടുന്ന നയമറിയുന്ന നരനെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ധർമ്മമീമാംസാ പരിഷത്തിന്റെ അന്തിമമായ ലക്ഷ്യം. ജാതിമതദേശഭാഷാഭേദമെന്യേ ഏതൊരാൾക്കും ശിവഗിരിമഠത്തിൽ നടക്കുന്ന പരിഷത്തിൽ പങ്കുകൊള്ളാം.


മനോബുദ്ധികളെ വസ്തുബോധത്തിൽമാത്രം നിലനിറുത്തി പ്രപഞ്ചത്തെ വ്യവഹരിക്കുവാനും അനുഭവിക്കുവാനും ശ്രമിക്കുന്നവർക്ക് അനിത്യമായ പ്രപഞ്ചത്തെ മാത്രമാണ് അനുഭവിക്കുവാൻ സാധിക്കുക. അനിത്യമായ പ്രപഞ്ചത്തിന്റെ നിത്യമായ അധിഷ്ഠാനത്തെയോ അതിന്റെ ആദികാരണസത്തയെയോ അവർ അറിയുന്നതേയില്ല. അറിവിന്റെ ഈ പരിമിതിയാണ് പ്രപഞ്ചം വേറെ നമ്മൾ വേറെ എന്ന കേവലബോധമുണ്ടാക്കുന്നത്. സകലദ്വൈതങ്ങൾക്കും അടിസ്ഥാനമായിത്തീരുന്നത് ഈ വ്യവസായാത്മികബോധമാണ്. ഈ തിരിച്ചറിവിലൂടെ നമ്മെ ഉത്തിഷ്ഠരാക്കുവാനും ജാഗ്രതയുള്ളവരാക്കുവാനും പരമാത്മബോധത്തെ പ്രാപിച്ച് നിർവൃതചിത്തരാക്കുവാനുമാണ് മഹാകാരുണികനായ ഗുരുദേവൻ അദ്വൈതവേദാന്തശാസ്ത്രത്തെ പുതുക്കിയും വിലയിരുത്തിയും ജീവിതഗന്ധിയാക്കിയും നമുക്ക് നല്കിയത്. ഈ ദർശനശാസ്ത്രത്തെ മറയില്ലാതെ പഠിക്കുന്നതിനും സ്വാംശീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവസരമൊരുക്കുന്നതിനാണു ശ്രീനാരായണധർമ്മമീമാംസാപരിഷത്ത് ശ്രീശാരദാപ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് വർഷംതോറും ശിവഗിരിയിൽ നടത്തിവരുന്നത്.


ഇന്നു ഗുരുവിന്റെ നവോത്ഥാനചരിത്രത്തെക്കുറിച്ചും ദാർശനിക തലങ്ങളെക്കുറിച്ചും ധാരാളം ലേഖനങ്ങളും ഗ്രന്ഥങ്ങളും ഉണ്ടാകുന്നുണ്ട്. പുതിയ തലമുറയിൽപ്പെട്ടവരും ഇക്കൂട്ടത്തിൽ കൂടിവരുന്നുവെന്നറിയുന്നത് സന്തോഷകരമാണ്. എന്നാൽ നമ്മൾ വിചാരിക്കുന്നതും പറയുന്നതും ചെയ്യുന്നതും എഴുതുന്നതും സത്യസന്ധമായിരിക്കണം. ജ്ഞാനാത്മകവും സർവാത്മകവുമായിരിക്കുന്ന ഒരു സൂക്ഷ്മവസ്തുവിലാണു ഈ സ്ഥൂലപ്രപഞ്ചമത്രയും നിലകൊള്ളുന്നത്. ആ സൂക്ഷ്മവസ്തുവിനെയാണ് ഗുരുദേവൻ ദൈവം എന്നു സങ്കല്പം ചെയ്തിട്ടുള്ളത്. ഈ ദൈവസങ്കല്പത്തിന്റെ വെളിപാടുകളാണ് ഗുരുദേവന്റെ ഓരോരോ സ്‌തോത്രകൃതികളും. ഇതൊന്നും വേണ്ടത്ര ശാസ്ത്രീയമായറിയാതെ പ്രസംഗിക്കുന്നവരും എഴുതുന്നവരും സമൂഹത്തിൽ കൂടിവരുന്നത് ശുഭകരമല്ല. എല്ലാവരെയും ശരിയിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നതുകൂടി ശിവഗിരിയിൽ നടക്കുന്ന ധർമ്മമീമാംസാ പരിഷത്തിന്റെ ദൗത്യമാണ്. അതിനു നേരറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് ഗുരുദേവനെയും ഗുരുവിന്റെ സാമൂഹിക- ദാർശനിക സംഭാവനകളെയും മറയില്ലാതെ അറിയുവാൻ സഹായകരമായിത്തീരുന്ന ശിവഗിരിയിലെ ഈ ജ്ഞാനദാനയജ്ഞത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

(ഗുരുധർമ്മപ്രചരണസഭ സെക്രട്ടറിയാണ് ലേഖകൻ)