ലണ്ടൻ:യേശുക്രിസ്തുവിന്റെ തിരുരക്തം പുരണ്ട മുൾക്കിരീടം ഉൾപ്പെടെയുള്ള തിരുശേഷിപ്പുകളുടെ സാന്നിദ്ധ്യത്താൽ പവിത്രമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രവും യൂറോപ്പിന്റെ ചരിത്ര പൈതൃകത്തിന് സാക്ഷിയുമായ പാരീസിലെ പ്രശസ്തമായ നോത്രദാം ദേവാലയം വൻ അഗ്നിബാധയിൽ ഭാഗികമായി നശിച്ചു.
പതിമ്മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച കത്തീഡ്രലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകളും അമൂല്യങ്ങളായ ചരിത്ര വസ്തുക്കളും കത്തി നശിച്ചെന്നാണ് സൂചന. കുരിശുമരണത്തിന് വിധിച്ച യേശുവിനെ പീലാത്തോസിന്റെ അരമനയിൽ വച്ച് ചൂടിച്ച മുൾക്കിരീടവും കുരിശിന്റെ ഭാഗവും കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ച ആണിയുമാണ് പ്രധാന തിരുശേഷിപ്പുകൾ. മുൾക്കിരീടം സുരക്ഷിതമാണെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും മറ്റുവസ്തുക്കളുടെ കാര്യത്തിൽ സ്ഥിരീകരണമില്ല.
ദേവാലയത്തെ അഗ്നിനാളങ്ങൾ വിഴുങ്ങുമ്പോൾ പാരീസിൽ തടിച്ചുകൂടിയ ജനങ്ങൾ കന്യകാ മറിയത്തോടുള്ള പ്രാർത്ഥനയായ 'ആവേ...മരിയ..."ചൊല്ലി കണ്ണീരൊഴുക്കി നോക്കി നിന്നു. 400 ഓളം അഗ്നിശമന പ്രവർത്തകർ മണിക്കൂറുകൾ പ്രയത്നിച്ചാണ് തീ നിയന്ത്രിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അട്ടിമറി സാദ്ധ്യത പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
850 വർഷം പഴക്കമുള്ള ദേവാലയത്തിന്റെ പ്രധാന ഗോപുരവും മേൽക്കൂരയും പൂർണമായും നശിച്ചു. എന്നാൽ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് പാരീസ് ആർച്ച് ബിഷപ് പറഞ്ഞു. കത്തീഡ്രലിൽ നവീകരണം നടക്കുന്നതിനിടെ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 6.20 ഓടെയാണ് തീപിടിച്ചത്.മേൽക്കൂരയിൽ നിന്ന് ഉയർന്ന തീ പെട്ടെന്ന് ഗോപുരത്തിലേക്കു പടരുകയായിരുന്നു. യുനെസ്കോയുടെ ലോക പൈതൃക മന്ദിരമാണിത്. ലോകത്തെ ഏറ്റവും തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ ദേവാലയം വിക്ടർ യൂഗോയുടെ 'നോത്രദാമിലെ കൂനൻ"എന്ന ഇതിഹാസ കൃതിയിലൂടെ സാഹിത്യ പ്രേമികളുടെ മനസിലും ചിര പ്രതിഷ്ഠ നേടിയിട്ടുണ്ട്.
മുൾക്കിരീടം
ക്രിസ്തുവിന്റെ മുൾക്കിരീടം ( ക്രൗൺ ഓഫ് തോൺസ് ) ആണ് മുഖ്യ ആകർഷണം. ദുഃഖവെള്ളിയാഴ്ച മാത്രം പുറത്തെടുത്ത് ആരാധന നടത്തുന്ന മുൾക്കിരീടം സ്വർണ കവചത്തിലാണ് സൂക്ഷിച്ചിരുന്നത്. നെപ്പോളിയൻ ചക്രവർത്തിയാണ് ഇത് സ്വർണ കവചത്തിലാക്കിയത്. യേശുവിനെ തറച്ച കുരിശിന്റെ 24 സെന്റീമീറ്റർ നീളമുള്ള കഷണം, കുരിശിൽ തറയ്ക്കാൻ ഉപയോഗിച്ചു എന്നു കരുതുന്ന 3.5 ഇഞ്ച് നീളമുള്ള ആണി, യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ ഭാഗം എന്നിവയാണ് മറ്റ് തിരുശേഷിപ്പുകൾ. 1270ൽ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാൻസിലെ രാജാവും പിന്നീട് വിശുദ്ധനുമായ സെയിന്റ് ലൂയിയുടെ വസ്ത്രത്തിന്റെ ഭാഗവും ഉണ്ടായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിംഗുകളും കത്തീഡ്രലിൽ സൂക്ഷിച്ചിരുന്നു.