election-2019

കൊല്ലം:കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ കേരളത്തിലെ കശുഅണ്ടി മേഖലയുടെ പ്രശ്നങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പരിഹരിക്കുമെന്നും കശുമാവ് കൃഷി ലാഭകരമായ തൊഴിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂൾ ഗ്രൗണ്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കശുഅണ്ടി തൊഴിലാളികളുടെ ക്ഷേമത്തിനായി മോദിസർക്കാർ എന്ത് ചെയ്‌തെന്ന് രാഹുൽ ചോദിച്ചു. അനിൽ അംബാനിക്ക് 30,000 കോടി നൽകിയപ്പോൾ കശുഅണ്ടി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ വെറും 300 കോടി മതിയായിരുന്നു. കേരളസർക്കാർ കശുഅണ്ടി തൊഴിലാളികൾക്ക് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കാൻ ഞങ്ങൾ ആവശ്യപ്പെടും.

കേരള സർക്കാരിനും സി.പി.എമ്മിനും എതിരെ ഒന്നും പറയാതിരുന്ന രാഹുൽ, കർഷകരും തൊഴിലില്ലാത്ത യുവാക്കളും മോദിയുടെ ഭരണത്തിൽ അസംതൃപ്തരാണെന്ന് പറഞ്ഞു. കോൺഗ്രസ് സർക്കാർ വന്നാൽ തങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് ഇവർ ആരാഞ്ഞിരുന്നു.15 ലക്ഷം വീതം അക്കൗണ്ടിൽ നൽകിയാൽ സമ്പദ്‌ വ്യവസ്ഥ തകരുമെന്ന് മോദിക്കും അറിയാം. സാമ്പത്തിക സ്ഥിതിക്ക് കോട്ടം വരാതെ 20 ശതമാനം പാവപ്പെട്ടവർക്ക് മാസം എത്ര രൂപ വീതം നൽകാനാകുമെന്ന് പ്രശസ്‌തരായ സാമ്പത്തിക വിദഗ്ദ്ധരോട് താൻ ആരാഞ്ഞു. ദാരിദ്യ്രത്തിനെതിരെ ഒരു 'സർജിക്കൽ സ്ട്രൈക്ക്" നടത്തണമെന്നും അവരോടാവശ്യപ്പെട്ടു. അതിന്റെ ഫലമാണ് പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് വർഷം 72,000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി. പുരുഷനേക്കാൾ പണം കൈകാര്യം ചെയ്യാൻ പ്രാപ്‌തരായതിനാൽ അഞ്ചു കോടി സ്ത്രീകളുടെ അക്കൗണ്ടിലായിരിക്കും ഈ തുക നിക്ഷേപിക്കുകയെന്ന് സ്ത്രീകളുടെ കരഘോഷത്തിനിടെ രാഹുൽ പറഞ്ഞു. അഞ്ചു വർഷംകൊണ്ട് ഒരാളുടെ അക്കൗണ്ടിൽ 3.60 ലക്ഷം രൂപയെത്തും. മോദി പ്രചരിപ്പിക്കും പോലെ മദ്ധ്യവർഗ്ഗത്തിൽ നിന്ന് ഒരു രൂപ പോലും ഇതിനായി ഈടാക്കില്ല. അനിൽ അംബാനിയെപ്പോലയുള്ള മോദിയുടെ സുഹൃത്തുക്കളായ മുതലാളിമാരിൽ നിന്നായിരിക്കും പണം കണ്ടെത്തുക. ബാങ്കിംഗ് മേഖലയുടെ താക്കോൽ അനിൽ അംബാനിയിൽ നിന്നെടുത്ത് ചെറുപ്പക്കാർക്ക് നൽകുമെന്നും രാഹുൽ പറഞ്ഞു.

വയനാട് സ്ഥാനാർത്ഥിത്വം

കേരളത്തിന്റെ ആദരം

ഇക്കുറി താൻ കേരളത്തിൽ മത്സരിക്കുന്നത് രാജ്യത്തിന് പ്രത്യേക സന്ദേശം നൽകാനാണ്. എന്തിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള കേരളീയരുടെ മനസാണ് തന്നെ കേരളത്തിൽ മത്സരിക്കാൻ പ്രേരിപ്പിച്ചത്. അമിത് ഷാ പറയും പോലെയല്ല കേരളം ചിന്തിക്കുന്നത്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളീയർ കക്ഷിഭേദമന്യേ തനിക്ക് നൽകിയ ആദരവാണ്. അതിന് നന്ദി പറയുന്നുവെന്നും രാഹുൽ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് സ്ഥാനാർത്ഥികളായ എൻ.കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.