തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെ ക്ഷേത്രത്തിൽ നിന്നും ഉച്ചഭാഷിണിയിലൂടെ നാമജപനം നടന്ന സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് എൽ.ഡി.എഫ് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി അലങ്കോലമാക്കാൻ വേണ്ടിയാണ് ഉച്ചഭാഷിണിയിലൂടെ നാമജപം നടത്തിയതെന്നാണ് ആരോപണം. മൈക്ക് ഓപ്പറേറ്റർക്കും പൊലീസിനുമെതിരെയാണ് പരാതി. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നതെന്നും ഐ.ബി.സതീഷ് എം.എൽ.എ ആരോപിച്ചു.
കഴിഞ്ഞ ദിവസം ആറ്റിങ്ങലിലെ ഇടത് സ്ഥാനാർഥി എ സമ്പത്തിന്റെ പ്രചരണാർത്ഥം കാട്ടാക്കടയിൽ പ്രചാരണത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം പ്രസംഗിക്കുമ്പോൾ പരിസരത്തെ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയിൽ നിന്ന് ശബ്ദം ഉയർന്നു. തുടർന്ന് പ്രസംഗം നിർത്തിയ മുഖ്യമന്ത്രി എന്താണ് സംഭവം എന്ന് അന്വേഷിച്ചു. മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയിൽ നിന്ന് ഇറങ്ങിവന്ന ഐ.ബി സതീഷ് എം.എൽ.എ, വി.ശിവൻ കുട്ടി എന്നിവരും മറ്റ് പ്രവർത്തകരും ചേർന്നാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സംഭവം മൊബൈലിൽ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ പാർട്ടി പ്രവർത്തകർ തടയുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
തുടർന്ന് പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ശബരിമല വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുകയും ചെയ്തു. കേരളത്തിൽ പറയാതെ കേരളത്തിന് പുറത്തു പോയി പച്ചക്കള്ളം പറയുകയാണ് പ്രധാനമന്ത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്യേണ്ട അവസ്ഥയാണ് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാനത്ത് വോട്ട് കച്ചവടത്തിലാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.