കൊച്ചി: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും എറണാകുളം അമൃതാ ആശുപത്രിയിൽ എത്തിച്ച 15 ദിവസം പ്രായമായ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശെെലജ അറിയിച്ചു.
കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്, അതുകൊണ്ട് തന്നെ ആരോഗ്യനില ഗുരുതരമെന്നും ശാസ്ത്രക്രിയ ഉടൻ നടത്താനാകില്ലെന്നും ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂറും കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.