കൊച്ചി: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും എറണാകുളത്തെ അമൃതയിൽ എത്തിച്ച 15 ദിവസം പ്രായമായ കുട്ടിയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കാര്യങ്ങൾ സുഗമമാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് അഭിനന്ദന പ്രവാഹം. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ ബ്രിജേഷ്, കൃഷ്‌ണകുമാർ എന്നീ ഡോക‌്‌ടർമാർ കുഞ്ഞിനെ പരിശോധിക്കും.
അതേസമയം, മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ ചാലക്കുടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് മന്ത്രി കെ.കെ ശൈലജയെ അഭിനന്ദിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഇന്നസെന്റിന്റെ കുറിപ്പ് ഇങ്ങനെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമ്മമനസ്സ്...
ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ
ആരോഗ്യമന്ത്രി ഇടപെട്ടു,
15 ദിവസം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സാ ചെലവ് സർക്കാർ വഹിക്കും...
കുഞ്ഞുവാവ എത്രയും വേഗം സുഖം പ്രാപിക്കട്ടെ...