അമ്പലപ്പുഴ: കേരളത്തിനകത്തും പുറത്തുമായി 500 ൽ പരം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനായ പുതുമന ഡി. ശ്രീധരൻ നമ്പൂതിരി (71) നിര്യാതനായി. ദീർഘനാളായി കിടപ്പിലായിരുന്നു. വിഷുദിനം രാവിലെ ഏഴിന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അമ്പലപ്പുഴ പുതുമന ഇല്ലത്ത് തന്ത്ര ശാസ്ത്രി ദാമോദരൻ നമ്പൂതിരിയുടേയും കോട്ടയം പാലയ്ക്കാട്ടുമല കരിനാട്ടില്ലത്ത് പാർവ്വതി അന്തർജനത്തിന്റെയും മൂന്നാമത്തെ മകനാണ് ശ്രീധരൻ നമ്പൂതിരി.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം താന്ത്രിക വിദ്യയുടെ ബാലപാഠങ്ങൾ പിതാവിൽ നിന്നാണ് സ്വായത്തമാക്കിയത്. തുടർന്ന് ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട് ഗുരുകുല സമ്പ്രദായത്തിൽ കണ്ണമംഗലം കേശവൻ നമ്പൂതിരിയിൽ നിന്നു താന്ത്രിക വിദ്യയുടെ ഉപരിപഠനവും പൂർത്തിയാക്കി. തുടർന്ന് മൂന്നു പതിറ്റാണ്ടിനുള്ളിൽ കേരളത്തിനകത്തും പുറത്തുമുള്ള 500 ൽ പരം ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനായി. അമ്പലപ്പുഴ, തുറവൂർ, മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ്, പാരിപ്പള്ളി, ഡൽഹി ആർ.കെ പുരം, പുഷ്പ വിഹർ എന്നിവയാണ് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ. കോട്ടയം വയസ്കര ഇല്ലത്ത് രമാദേവി അന്തർജനമാണ് ഭാര്യ. പാർവ്വതി, സാവിത്രി, ദാമോദരൻ എന്നിവർ മക്കളും അഭയ് ദേവ്, പ്രസാദ് നമ്പൂതിരി എന്നിവർ മരുമക്കളുമാണ്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റിന്റെ രക്ഷാധികാരിയായി ദീർഘനാളായി പ്രവർത്തിച്ചു വരികയായിരുന്നു. 2012ൽ അഖില കേരള തന്ത്രി സമാജം താന്ത്രിക കുലപതി പുരസ്കാരവും അമ്പലപ്പുഴ പൗരാവലി തന്ത്ര വിദ്യാ രത്ന പുരസ്കാരവും നൽകി ആദരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ഇല്ലത്തെ തെക്കേ പറമ്പിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.