മുംബയ് : ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ നായരുടെ പത്നിയും 'ശബ്ദതാരാവലി"പരിഷ്കരിക്കുന്നതിൽ മുഖ്യപങ്കാളിയുമായിരുന്ന ശാരദ നായർ (91) നിര്യാതയായി. വിഷുദിനത്തിൽ പുലർച്ചെ മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ മകൻ ഡി.ആർ. നായരുടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഡോംബിവലിയിൽ നടന്നു.
ശബ്ദതാരാവലി മുഴുവൻ സ്വന്തം കൈകൊണ്ട് എഴുതാൻ ഭാഗ്യം ലഭിച്ച ശാരദനായരെ കേരള സാഹിത്യ അക്കാഡമി ആദരിച്ചിട്ടുണ്ട്.
ഡിസ്ട്രിക്ട് മുൻസിഫായിരുന്ന ശങ്കരവേലി പരമേശ്വരൻ പിള്ളയുടെ മകളാണ്. ശ്രീകണ്ഠേശ്വരത്തിന്റെ മരണശേഷം, ശബ്ദതാരാവലിയുടെ നാലാംപതിപ്പ് ദാമോദരൻ നായർ പരിഷ്കരിച്ചു പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ് ഭാര്യ ശാരദ നായർ ഇതിൽ സഹായിയാകുന്നത്. നിഘണ്ടുനിർമാണത്തിനായി പുതിയ വാക്കുകൾ കണ്ടെത്തിക്കൊടുക്കുക എന്നതായിരുന്നു പ്രധാന ജോലി. അച്ചടിക്കു നൽകാനായി വാക്കുകളും അർത്ഥങ്ങളും ക്രമമായി നല്ല കൈയക്ഷരത്തിൽ എഴുതുക എന്നതും അവരുടെ കർത്തവ്യമായി മാറി.
സിങ്കപ്പൂർ ആസ്ഥാനമായുള്ള തുളസി ബുക്സിന്റെ 'സ്വാമി നിർമലാനന്ദ അവാർഡ്' (ഒരു ലക്ഷം രൂപ) ലഭിച്ചിരുന്നു. മുംബയിലെ മലയാള ഭാഷാ പ്രചാരണ സംഘം 50001 രൂപ നൽകിയും മലയാള ഭാഷയ്ക്കു നൽകിയ അവരുടെ സേവനങ്ങളെ ആദരിച്ചിരുന്നു.