rahul

പത്തനംതിട്ട: രാഹുൽ ഗാന്ധി ഇംഗ്ളീഷിൽ നടത്തിയ പ്രസംഗം ശരിയായി കേൾക്കാതെ മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ പരിഭാഷപ്പെടുത്തിയത് കല്ലുകടിയായി. ഒന്നോ രണ്ടോ വാചകങ്ങളിൽ നിറുത്തി നിറുത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. സമീപത്തു നിന്നു പരിഭാഷപ്പെടുത്തിയ കുര്യന്, പല വാക്കുകളും ശരിയായി കേൾക്കാനായില്ല. രാഹുൽ പറയാത്തതും കുര്യൻ പറഞ്ഞത് കേട്ടിരുന്നവർക്ക് അലോസരമായി. മൈക്കിൽ നിന്നുള്ള എക്കോ സ്റ്റേജിലേക്ക് തിരിച്ചുവന്നതാണ് പ്രധാന പ്രശ്നമായത്. സ്റ്റേജിൽ ശബ്ദസംവിധാനവും ഉണ്ടായിരുന്നില്ല. പറഞ്ഞ വാചകങ്ങൾ കുര്യന്റെ ചെവിയിൽ പലപ്പോഴും രാഹുലിന് അവർത്തിച്ച് വ്യക്തമാക്കിക്കൊടുക്കേണ്ടിവന്നു.

പ്രസംഗത്തിലെ ആദ്യ വാചകത്തിൽ ആർ.എസ്.എസിനോടും ബി.ജെ.പിയോടുമാണ് നമ്മുടെ പ്രധാന പോരാട്ടമെന്ന രാഹുലിന്റെ വാക്കുകൾക്ക് കുര്യന്റെ പരിഭാഷ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ എന്നായി.

പിന്നിട് പല തവണ വാക്കുകൾ പിടികിട്ടാതെ കുര്യൻ രാഹുലിനടുത്തേക്ക് കാതോർത്തുനിന്നു. പലയിടത്തും പ്രധാന പോയിന്റുകൾ വിട്ടുപോകുകയും ചെയ്തു. പ്രസംഗത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നുവെന്നു മനസിലാക്കിയ രാഹുൽ തൊട്ടുപിന്നിലിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നോക്കി രണ്ടുതവണ കൈ കാട്ടി. പരിഭാഷകനെ മാറ്റുന്നതിനെക്കുറിച്ച് ഇതോടെ വേദിയിൽ ആലോചന നടന്നു. മറ്റാരും ഇതിനു മുതിരാതെ വന്നപ്പോൾ കുര്യൻ തന്നെ ദൗത്യം പൂർത്തിയാക്കി.
പ്രസംഗപീഠത്തിനോട് ചേർന്നുനിന്ന് കാര്യങ്ങൾ മനസിലാക്കിയശേഷം മൈക്കിനടുത്തെത്തി പരിഭാഷ നടത്തേണ്ടിയുംവന്നു. വേദിയിൽ സൗണ്ട്ബോക്‌സ് ക്രമീകരിക്കാതിരുന്നതിനാൽ പ്രസംഗം ശരിയായി കേൾക്കാനാകുമായിരുന്നില്ലെന്ന് പി.ജെ.കുര്യൻ പിന്നീട് പറഞ്ഞു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലായിരുന്നു തിരഞ്ഞെടുപ്പ് സമ്മേളനം.