ആലപ്പുഴ: ആർ.എസ്.എസ് രാജ്യത്തോടു ചെയ്‌തിട്ടുള്ളയത്ര തെറ്റ് എൽ.ഡി.എഫ് ചെയ്‌തിട്ടില്ലെന്ന് രാഹുൽ ഗാന്ധി. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാൻെറ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ.
എൽ.ഡി.എഫിനെയും ആർ.എസ്.എസിനെയും കുറിച്ച് വ്യത്യസ്‌തമായ കാഴ്ചപ്പാടാണ് കോൺഗ്രസിന്. ഭരണഘടനാ സ്ഥാപനങ്ങളെ എൽ.ഡി.എഫ് ചോദ്യം ചെയ്‌തിട്ടില്ല. ഇവയെ തകർക്കാൻ ശ്രമിച്ചിട്ടുമില്ല. എന്നാൽ രാജ്യത്തിൻെറ ഭരണഘടന പോലും ആർ.എസ്.എസും മോദിയും ചേർന്ന് തകർക്കുകയാണ്.
ഞാൻ കേരളത്തിൽ മത്സരിക്കുന്നത് കേരളചരിത്രം നേരിട്ടറിയാനാണ്. നിങ്ങളുടെ മനസ്സറിഞ്ഞായിരിക്കും ഞാൻ പ്രവർത്തിക്കുക. പ്രളയത്തിൽ സർവതും നശിച്ച നെൽ കർഷകർക്ക് സഹായം ലഭിച്ചില്ല. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ഈ കർഷകർക്കൊപ്പം നിൽക്കും. കർഷകരോട് പ്രതിബദ്ധത പുലർത്തുന്ന പ്രത്യേക കാർഷിക ബഡ്‌ജറ്റ് അവതരിപ്പിക്കും. കാർഷിക വായ്‌പ തിരിച്ചടയ്‌ക്കാത്തതിൻെറ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ല. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക വകുപ്പുണ്ടാക്കും- രാഹുൽ പറഞ്ഞു.
വടക്കും തെക്കും മത്സരിക്കാൻ തീരുമാനിച്ചത് ജനവിശ്വാസം കൊണ്ടാണ്. മോദി നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും പാലിച്ചിട്ടുണ്ടോ? മത്സ്യത്തൊഴിലാളികളോടും കർഷകരോടും മോദി സംവദിക്കുന്നത് കണ്ടിട്ടുണ്ടോ? ഏതെങ്കിലും ചെറുകച്ചവടക്കാരനെ ആലിംഗനം ചെയ്‌തു കണ്ടിട്ടുണ്ടോ? നോട്ടുനിരോധനം നിങ്ങളെ ചതിച്ചുവെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? അനിൽ അംബാനിയോടും നീരവ് മോദിയോടുമൊപ്പം നിൽക്കുന്ന മോദിയെയാണ് നമ്മൾ കണ്ടത്. നോട്ടു നിരോധനത്തിലൂടെ പിടിച്ചെടുത്ത പണം അംബാനിയുടെ പോക്കറ്റിലിട്ടു. ആ പണം തിരികെപ്പിടിച്ച് വ്യവസായ- തൊഴിൽ സംരംഭങ്ങൾക്കു വിനിയോഗിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം വയ്‌ക്കുന്നത്- രാഹുൽ വ്യക്തമാക്കി.
കെ.സി വേണുഗോപാലിനെ ഡൽഹിക്കു കൊണ്ടുപോയതിന് ആലപ്പുഴക്കാരോട് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹത്തിൻെറ സേവനം പാർട്ടിക്ക് അത്രത്തോളം ആവശ്യമായിരുന്നെന്നും രാഹുൽ വിശദീകരിച്ചു.