കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നത് മോദിയുടെയും അമിത്ഷായുടെയും വാക്കുകളാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും മീഡിയാ കോർഡിനേറ്ററുമായ കെ.പി അനിൽകുമാർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മതേതരത്വം ഉയർത്തിപ്പിച്ചുള്ള മുന്നേറ്റത്തെ ഭയന്ന് രാഹുൽഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതേ സമീപനമാണ് പിണറായിയും പാർട്ടിയും പാർട്ടിപത്രവും തുടർന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറിയെന്നും അനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള പറയുന്നത് രാഹുൽഗാന്ധി 20ൽ ഒരാളാണെന്നാണ്. എന്നാൽ രാഹുൽഗാന്ധി ഇന്ത്യയിലും കേരളത്തിലും തരംഗമായി മാറിയിരിക്കുകയാണ്.
രാഹുൽഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകർക്ക് പാസ് അനുവദിക്കുന്നതിൽ പൊലീസും, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ.പി അനിൽകുമാർ കുറ്റപ്പെടുത്തി. തിരുനെല്ലിയിലെ രാഹുലിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് എസ്.പി.ജി , മാധ്യമപ്രവർത്തകർക്കുള്ള സ്ഥലം വ്യക്തമാക്കിയിട്ടും ബാരിക്കേഡ് കെട്ടി പാസ് നൽകാനുള്ള നടപടിയുണ്ടാകുന്നില്ല. ദേശീയമാധ്യമങ്ങളടക്കം അവരുടെ അക്രഡിറ്റേഷനും, ആധാർ കാർഡുമടക്കം വ്യക്തമായ രേഖകൾ നൽകിയിട്ടും പാസ് അനുവദിക്കാത്തത് പക്ഷപാതപരമായ നടപടിയാണ്. രാഹുൽഗാന്ധിയുടെ പരിപാടികൾക്ക് മാധ്യമവിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായും അനിൽകുമാർ പറഞ്ഞു.