തൃശൂർ: ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം പാറ പോലെ ഉറച്ചുനിൽക്കുമെന്ന് ബി.ജെ.പി അഖിലേന്ത്യ അദ്ധ്യക്ഷൻ അമിത് ഷാ. തൃശൂരിൽ എൻ.ഡി.എ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ ഭക്തരെ വേട്ടയാടുകയാണ് പിണറായി സർക്കാർ ചെയ്തത്. സമാനതകളില്ലാത്ത ക്രൂരതയാണ് കാണിച്ചത്. ശബരിമല വിശ്വാസം ഭരണഘടനാപരമായി സംരക്ഷിക്കുമെന്ന് ബി.ജെ.പി പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ളതാണ്. സുപ്രീം കോടതിയെ കാര്യങ്ങൾ ധരിപ്പിക്കും. ആവശ്യം വന്നാൽ നിയമ നിർമ്മാണം ഉൾപ്പെടെയുള്ളവ പരിഗണിക്കും.
ശബരിമലയിൽ ഡി.വൈ.എഫ്.ഐക്കാരെ വേഷം മാറ്റി കൊണ്ടുവന്ന് വിശ്വാസികളെ നേരിടുകയായിരുന്നു. രാജ്യത്ത് ഏറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത്. എല്ലാ രംഗങ്ങളിലും പരാജയപ്പെട്ട സംസ്ഥാന സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല. രാഹുൽ ഗാന്ധിയുടെ പാർട്ടി ഭീകരവാദികളുമായി സൗഹൃദം പങ്കിടുമ്പോൾ ബി.ജെ.പി ഇവരെ ഉന്മൂലനം ചെയ്യുകയാണ്.
സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് പ്രളയ ദുരന്തത്തിന് ഇടയാക്കിയതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നു. പ്രളയദുരന്തത്തെ തുടർന്ന് കേന്ദ്രം നൽകിയ സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. ബി.ജെ.പിയെ എതിർക്കാനുള്ള ശേഷി കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കുമില്ല. രാജ്യവ്യാപകമായി കോൺഗ്രസ് ഇല്ലാതാകുകയാണ്. കമ്യൂണിസമാവട്ടെ ലോകവ്യാപകമായിത്തന്നെ അവസാനിച്ചിരിക്കുന്നു.
ഭീകര പ്രവർത്തകരുമായി സന്ധി ചെയ്യുകയാണ് കോൺഗ്രസും ഇടതുപാർട്ടികളും. ഭീകരവാദികളുമായി ചർച്ച നടത്താനാണ് കോൺഗ്രസിന്റെ നിർദ്ദേശം. എന്നാൽ അവരെ ഇല്ലായ്മ ചെയ്യുകയാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് ബി.ജെ.പി പരമപ്രാധാന്യം നൽകുന്നത്. സുരേഷ് ഗോപിക്ക് നൽകുന്ന വോട്ട് നരേന്ദ്രമോദിക്കുള്ള വോട്ടാണ്. രാജ്യത്തിന്റെ വികസനത്തിനുള്ള വോട്ടാണെന്നും അമിത് ഷാ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ. നാഗേഷ് അദ്ധ്യക്ഷനായിരുന്നു. സുരേഷ് ഗോപി, വി. മുരളീധരൻ എം.പി, എം.ടി. രമേശ്, കെ.പി. ശ്രീശൻ, എം.എസ്. സമ്പൂർണ, ബി. ഗോപാലകൃഷ്ണൻ, കെ.വി. സദാനന്ദൻ, കെ.എ. ഉണ്ണിക്കൃഷ്ണൻ, കെ.പി. ജോർജ്, കെ.കെ. അനീഷ് കുമാർ, അനീഷ് ഇയ്യാൽ തുടങ്ങിയവർ പങ്കെടുത്തു.