മലപ്പുറം/ എറണാകുളം/ പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ റോഡിലും വെള്ളത്തിലുമായി നടന്ന നാല് അപകടങ്ങളിലായി 10 പേർ മരണമടഞ്ഞു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറി ഗുഡ്സ് ആട്ടോയിലിടിച്ച് അന്യസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളടക്കം മൂന്നുപേരും, ഉദയംപേരൂർ കൊച്ചുപള്ളിയിൽ കെ.എസ് .ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഗൃഹനാഥനും ഭാര്യാമാതാവും, കോഴിക്കോട് കോടഞ്ചേരി നാരങ്ങത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളും, റാന്നി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളും മുങ്ങി മരിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടിയിൽ അന്യസംസ്ഥാന തൊഴിലാളികളെ പിന്നിൽ കയറ്റി ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന ഗുഡ്‌സ് ആട്ടോയിൽ ഗ്യാസ് ടാങ്കർ ലോറി വന്നിടിച്ചുണ്ടായ അപകടത്തിലാണ് പശ്ചിമബംഗാൾ സ്വദേശികളായ സഹോദരങ്ങളടക്കം മൂന്നുപേർ മരിച്ചത്. നിർമാണ തൊഴിലാളികളും ഫർഗന ജില്ലയിലെ ഇന്ദ്രപുർസൗത്തിലെ നൂറുദ്ദീന്റെ മക്കളുമായ എസ്.കെ. സബീറലി(47), സാദത്ത് (40), ഇവരുടെ ബന്ധു സൈദുൽ ഖാൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഗുഡ്സ് ആട്ടോയുടെ പിന്നിലിരുന്ന് യാത്ര ചെയ്ത രണ്ടുപേരടക്കം നാലുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. അഞ്ചു തൊഴിലാളികളാണ് ഗുഡ്‌സ് ആട്ടോയുടെ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നത്. മംഗലാപുരത്ത് നിന്നും എൽ.പി.ജിയുമായി അമിതവേഗതയിലെത്തിയ ടാങ്കർ ലോറി തെറ്റായ ദിശയിൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ടാങ്കറിന്റെ വരവ് കണ്ട് ഗുഡ്‌സ് ആട്ടോ ഡ്രൈവർ പൊടുന്നനെ ബ്രേക്കിട്ടെങ്കിലും വാഹനം ഒരുവശത്തേക്ക് ചെരിഞ്ഞ് ലോറിയിൽ ഇടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹങ്ങൾ ആംബുലൻസിൽ ബംഗാളിലേക്ക് കൊണ്ടുപോവും. സബീറലിയുടെ ഭാര്യ: മുസ്‌ലിമ ബീവി. മൂന്നുമക്കളുണ്ട്. സാദത്തിന്റെ ഭാര്യ: മാഫുജ ബീവി. മൂന്നുമക്കളുണ്ട്. സൈദുൽ ഖാന്റെ ഭാര്യ: സവേര ബീവി. മൂന്നുമാസം പ്രായമുള്ള കുട്ടിയുണ്ട്.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഉദയംപേരൂർ കൊച്ചുപള്ളിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന അങ്കമാലി കൊടുശ്ശേരി വട്ടാളിയിൽ മംഗലപ്പിള്ളി വീട്ടിൽ പി.ആർ. അച്യുതൻനായർ (68), ഭാര്യാമാതാവ് കമലാക്ഷിഅമ്മ (80) എന്നിവർ മരിച്ചു. അച്യുതൻ നായരുടെ ഭാര്യ നളിനാക്ഷിഅമ്മയെ (56) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷുവിന് നാട്ടിലെത്തിയ ഹൈദരാബാദിൽ എൻജിനിയറായ മകനെയും കുടുംബത്തെയും ഇന്നലെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴായിരുന്നു അപകടം. ഇവർ മൂന്ന് പേരും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ നിയന്ത്രണം വിട്ട് എറണാകുളത്ത് നിന്നു കോട്ടയത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ പിന്നിലിരുന്ന നളിനാക്ഷിയമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തൃപ്പൂണിത്തുറ ഫയർ സ്റ്റേഷൻ ഓഫീസർ കെ. ഷാജിയുടെ നേതൃത്വത്തിൽ എത്തിയ സംഘം കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യയാണ് കമലാക്ഷിയമ്മ. മറ്റ് മക്കൾ: ലത, പുഷ്പ, മോഹൻകുമാർ, ഗോപാലകൃഷ്ണൻ (ഹൈദരാബാദ്), മരുമക്കൾ: നാരായണൻ നായർ, മന്മഥൻ, നിഷ, രാധിക (ഹൈദരാബാദ്). അച്യുതൻനായരുടെ ഏക മകൻ: നിഖിൽ. മരുമകൾ: ശ്രുതി. സംസ്‌കാരം പിന്നീട്. വിനോദയാത്രയ്ക്കിടെ കോഴിക്കോട് കോടഞ്ചേരി നാരങ്ങത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് താനൂർ ബ്ലോക്കോഫീസിന് കിഴക്കുഭാഗത്ത് കാട്ടുങ്ങൽ വാസുദേവന്റെ മക്കളായ വിഷ്‌ണു (20), വിശാഖ് (18) എന്നിവർ മുങ്ങിമരിച്ചത്. വിഷ്ണു കടുങ്ങാത്തുണ്ട് ആമിന ഐ.ടി.ഐ വിദ്യാർത്ഥിയാണ്. വിശാഖ് വളളിക്കുന്ന് ചന്തൻ ബ്രദേഴ്‌സ് സ്‌കൂളിൽ പ്ളസ് ടു പരീക്ഷ കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുകയാണ്. സംസ്‌കാരം നടത്തി അമ്മ: പുഷ്പ. സഹോദരൻ: ബിനോയ് (ബഹ്റിൻ).
പമ്പാനദിയിൽ വടശേരിക്കര ബംഗ്ലാംകടവ് പാലത്തിന് താഴെയായി നദിയിൽ കുളിക്കാനിറങ്ങിയ വടശേരിക്കര തലച്ചിറ സ്വദേശികളായ അജിത്ത് ഭവനത്തിൽ പാറക്കിഴക്കേതിൽ സുജിത്ത് (28), പുത്തൻപുരയിൽ നന്ദു (22), ഹരി നിവാസിൽ പ്രശാന്ത് (21) എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അഞ്ചു സുഹൃത്തുക്കൾ അടങ്ങിയ സംഘം ഇന്നലെ ഉച്ചയ്ക്ക് 12നാണ് നദിയിൽ കുളിക്കാനെത്തിയത്. രണ്ടു പേർ ആദ്യം കുളിച്ചു കരയിൽ കയറി. പിന്നീട് ഇറങ്ങിയ നന്ദു അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയ പ്രശാന്തും പിന്നാലെ സുജിത്തും മുങ്ങിത്താഴുകയായിരുന്നു. പമ്പാനദിയും കക്കാട്ടാറും സംഗമിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ചുഴികളുളള ഇവിടെ അപകട മുന്നറിയിപ്പുണ്ട്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.