crown
CROWN

പാരീസ്:ലോകമഹായുദ്ധങ്ങളെയും വിപ്ളവങ്ങളെയുമെല്ലാം അതിജീവിച്ച ചരിത്രശേഷിപ്പായിരുന്നു നോത്രദാം ദേവാലയം.1163 ൽ ലൂയി ഏഴാമൻ നിർമ്മാണം ആരംഭിച്ച ദേവാലയത്തിന്റെ പണി പൂർത്തിയായപ്പോഴേക്കും 1345 ആയിരുന്നു. ഏതാണ്ട് 200 വർഷമെടുത്തു!

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയത്തിലെ പല അമൂല്യ വസ്തുക്കളും നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു. ഇംഗ്ലീഷിൽ കന്യാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘ഔർ ലേഡി’ എന്നാണ് നോത്രദാം എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം. വിനോദസഞ്ചാര കേന്ദ്രമായതിനാൽ പള്ളിയുടെ സുരക്ഷയും നിയന്ത്രണവുമെല്ലാം സർക്കാരിനായിരുന്നെങ്കിലും പാരീസിലെ അതിരൂപതയ്ക്ക് സൗജന്യമായി ഉപയോഗിക്കാനും ആരാധനയും മറ്റു തിരുക്കർമ്മങ്ങളും നടത്താനും അനുവദിച്ചിരുന്നു.

വർഷവും 1.2 കോടി മുതൽ 1.3 കോടി വരെ തീർത്ഥാടകർ

ദിവസവും ശരാശരി 35,000 സന്ദർശകർ

ദേവാലയത്തിലെ ചരിത്ര മുഹൂർത്തങ്ങൾ

11431ൽ ഇംഗ്ലണ്ടിലെ രാജാവ് ഹെൻട്രി ആറാമന്റെ കിരീടധാരണം .

1802ൽ നെപ്പോളിയൻ രാജഭരണം ഏറ്റെടുത്തത് ദേവാലയത്തിൽ വച്ച്

1909ൽ ജോവാൻ ഓഫ് ആർക്കിനെ പത്തൊമ്പതാം പീയൂസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു

1831ൽ വിക്ടർ യൂഗോയുടെ നോത്രദാമിലെ കൂനൻ എന്ന നോവലിലും ദേവാലയത്തെപ്പറ്റി പറയുന്നുണ്ട്

ഇരട്ടമണി ഗോപുരങ്ങൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഈഫൽ ടവർ പൂർത്തിയാകുന്നതിന് മുൻപ് വരെ ഇവിടുത്തെ ഇരട്ട മണി ഗോപുരങ്ങളായിരുന്നു പാരീസിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. വടക്കൻ ഗോപുരം 1240ലും തെക്കൻ ഗോപുരം 1250ലുമാണ് നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധം, വിശേഷദിവസങ്ങൾ, പ്രത്യേക അവസരങ്ങൾ എന്നീ സമയങ്ങളിലെല്ലാം ഇവിടെ മണി മുഴക്കിയിരുന്നു.

വടക്കൻ ഗോപുരത്തിലെ ഇമ്മാനുവേൽ എന്നു പേരുള്ള ഏറ്റവും വലിയ മണിക്ക് 13 ടണ്ണാണ് ഭാരം.

കിളി വാതിൽ നശിച്ചു

മരംകൊണ്ടുണ്ടാക്കിയ കിളിവാതിലിൽ തീപിടിക്കുകയും ഗോപുരത്തിലേക്ക് തീ പടരുകയുമായിരുന്നു. നോത്ര ദാം പള്ളിക്ക് അതിന്റെ വാസ്തുവിദ്യ കൊണ്ടും ശ്രദ്ധേയമായ ഘടനയും കാരണം നിരവധി സവിശേഷതകളുണ്ട്. മൂന്ന് പ്രധാന വാതിലുകളിലെ റോസ് വിൻഡോകളാണ് അവയിലൊന്ന്. ചായമടിച്ച വട്ടത്തിലുള്ള ചില്ലുകളായിരുന്നു അവയ്ക്ക്.

പുതുക്കിപ്പണിയും:ഫ്രഞ്ച് പ്രസിഡന്റ്

നോത്രദാം കത്തീഡ്രൽ എത്രയും പെട്ടെന്ന് പുതുക്കിപ്പണിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇതിനായി ലോകത്തെ ഏറ്റവും മികച്ച ആർക്കിടെക്ടുമാരെ മാക്രോൺ പാരിസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുനർനിർമ്മാണത്തിന് ലോകമെമ്പാടും നിന്ന് നിരവധി പേർ കോടിക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്‌തിട്ടുണ്ട്.