pupu
pulitzer prize

ന്യൂയോർക്ക്:പുലിറ്റ്‌സർ പുരസ്കാരം സ്വന്തമാക്കിയിട്ടും അത് ആഘോഷിക്കാനാവില്ല അമേരിക്കൻ പത്രമായ ക്യാപിറ്റൽ ഗസറ്റിന്. തങ്ങളുടെ ന്യൂസ് റൂമിൽ നടന്ന കൂട്ട വെടിവെയ്പ്പ് പകർത്തിയതിനാണ് ക്യാപിറ്റൽ ഗസറ്റ് പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ക്രൂരനായ കൊലപാതകി വെടിവെച്ച് കൊന്ന തങ്ങളുടെ അഞ്ച് സഹപ്രവർത്തകരുടെ ഓർമ്മയിലാണ് അവർ. അത്രയും വലിയ ദുരന്തത്തിന് സാക്ഷിയായിട്ടും പിറ്റേ ദിവസം അവർ പത്രം ഇറക്കി.

പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് ന്യൂയോർക്ക് ടൈംസിനും വാൾ സ്ട്രീറ്റ് ജേണലിനും പുലിറ്റ്‌സർ ലഭിച്ചു. യെമനിലെ അരാജകത്വങ്ങൾ പകർത്തിയതിന് അസോസിയേറ്റ് പ്രസിലെ മാഗി മിഖായേൽ, നരിമാൻ എൽ മോഫ്റ്റി, മാഡ് അൽ സിക്രി എന്നിവർക്കും റോഹിൻഗ്യൻ കൂട്ടക്കൊല റിപ്പോർട്ട് ചെയ്തതിന് മ്യാൻമറിൽ ജയിലിൽ കിടക്കുന്ന റോയിട്ടേഴ്സ് ലേഖകരായ വാ ലോൺ, ക്യെയ് സോ ഒ എന്നിവർക്കും അന്താരാഷ്ട്ര റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ലഭിച്ചു.

വാഷിംഗ്ടൺ പോസ്റ്റിന് ഫോട്ടോ ജേണലിസത്തിനടക്കം രണ്ട് പുലിറ്റ്സർ ലഭിച്ചു. ന്യൂയോർക്ക് ടൈംസിലെ ബ്രെൻഡ് സ്റ്റേപിൾസിനാണ് മികച്ച എഡിറ്റോറിയലിനുള്ള പുരസ്കാരം. സെന്റ് ലൂയിസ് പോസ്റ്റ് ഡിസ്‌പാച്ചിലെ ടോണി മെസഞ്ചറും പുരസ്‌കാരം നേടി. 100,000 ഡോളറാണ് പുരസ്കാര തുക.