ന്യൂഡൽഹി:തമിഴ്നാട്ടിൽ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർത്ഥി ഡി. എം. കതിർ ആനന്ദുമായി ബന്ധമുള്ള ഒരു ഗോഡൗണിൽ നിന്ന് കണക്കിൽപ്പെടാത്ത 11.5 കോടി രൂപ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അവിടത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. വെല്ലൂർ ഉൾപ്പെടെ സംസ്ഥാനത്തെ 39 സീറ്റുകളിൽ ഏപ്രിൽ 18നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. വോട്ടെടുപ്പിന്റെ പുതിയ തീയതി ഇലക്ഷൻ കമ്മിഷൻ പിന്നീട് തീരുമാനിക്കും.
വോട്ടെടുപ്പ് റദ്ദാക്കിയത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഡി. എം. കെ അറിയിച്ചു.
വോട്ടർമാർക്ക് കോഴയായി പണം നൽകുന്നു എന്ന പേരിൽ ഒരു ലോക്സസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുന്നത് ആദ്യമാണ്. അതേസമയം ഡി. എം. കെ നേതാവും തൂത്തുക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കനിമൊഴിയുടെ വസതിയിൽ ഇന്നലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
ഡി.എം.കെയുടെ ഉന്നത നേതാവ് ദുരൈ മുരുഗന്റെ മകനാണ് കതിർ ആനന്ദ്. തിരഞ്ഞെടുപ്പിന് കള്ളപ്പണം ഉപയോഗിക്കുന്നു എന്ന സംശയത്തെ തുടർന്ന് മാർച്ച് 30ന് ദുരൈമുരുഗന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 10. 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ദുരൈമുരുഗന്റെ കൂട്ടാളിയുടെ സമന്റ് ഗോഡൗണിൽ നിന്ന് 11. 53കോടി രൂപയും പിടിച്ചെടുത്തു. ഈ പണം വോട്ടർമാർക്ക് നൽകാനായി മണ്ഡലത്തിലെ വാർഡുകൾ തിരിച്ച് കെട്ടുകളാക്കി വച്ചിരിക്കയായിരുന്നു. സംഭവത്തിൽ കതിർ ആനന്ദിനും ശ്രീനിവാസൻ, ദാമോദരൻ എന്നീ പാർട്ടി ഭാരവാഹികൾക്കും എതിരെ പൊലീസും ആദായനികുതി വകുപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. വോട്ടർമാരെ പണം കൊടുത്തു പാട്ടിലാക്കുന്നതായി തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് അയച്ചു. അതിന്റെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് റദ്ദാക്കാൻ ഈ മാസം 14നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശുപാർശ നൽകിയത്.
എ. ഡി. എം. കെ മുന്നണിയുടെ എ. സി. ഷൺമുഖം ഉൾപ്പെടെ 23 സ്ഥാനാർത്ഥികളാണ് വെല്ലൂരിൽ ഉണ്ടായിരുന്നത്. 2017ൽ വോട്ടർമാർക്ക് പണം നൽകി എന്ന പരാതിയെ തുടർന്ന് തമിഴ്നാട്ടിലെ തന്നെ ആർ. കെ നഗർ നിയമസഭാ സീറ്റിലെ തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മിഷൻ മാറ്റിവച്ചിരുന്നു.
തമിഴ്നാട്ടിൽ ഇതുവരെ 500 കോടിയിലധികം രൂപയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിൽ 205കോടി രൂപയുടെ കറൻസിയും ബാക്കി സ്വർണവുമാണ്.