ഇരിങ്ങാലക്കുട: വിഷു ദിനത്തിൽ പെറ്റമ്മയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. വെസ്റ്റ് കോമ്പാറ സ്വദേശി കൈപ്പിള്ളി വീട്ടിൽ വിഷ്ണുവിനെ(24) ആണ് ഇരിങ്ങാലക്കുട സി.ഐ നിസ്സാമും എസ്.ഐ: ശിവശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് കാരണമായി പ്രതി പറയുന്നത് അമ്മ ലീല (53) ചായ ചൂടാക്കി നൽകിയില്ലെന്നതാണ്.
ഗുരുതരമായി പൊള്ളലേറ്റ ലീലയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലീലയുടെ ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. വിവിധ തരം ലഹരികൾക്കടിമയായ പ്രതി ഇതിനു മുൻപും അമ്മയോടെ ഇത്തരം ക്രൂരതകൾ കാണിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ആറ് മാസങ്ങൾക്ക് മുൻപ് അപകടത്തിൽ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ ലീലയാണ് കൂലിപ്പണികൾ ചെയ്ത് പരിചരിച്ച് ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്നത്. അപകടത്തിൽ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിടുണ്ട്. മകൻ ജനിച്ച് നാളുകൾക്കം ലീലയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.