ks-radhakrishnan

ആലപ്പുഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താൻ 253 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ആലപ്പുഴ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ് രാധാകൃഷ്ണൻ പറഞ്ഞു. താൻ കൊള്ളയോ, കൊലപാതകമോ, ബലാത്സംഗമോ വ്യഭിചാരമോ നടത്തിയിട്ടില്ല. ചെയ്ത ഏക തെറ്റ് സ്വാമിയേ ശരണമയപ്പ എന്ന് വിളിച്ചു എന്നത് മാത്രമാണ്. ശരണമന്ത്രം ജപിക്കുന്നത് ക്രിമിനൽ കുറ്റമായി കാണുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസാക്ഷിക്കൊത്ത മതവിശ്വാസം പുലർത്താൻ ഓരോ പൗരനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. മനുഷ്യന് മൗലികാവകാശം പോലെ പ്രധാനപ്പെട്ടതാണ് മതപരമായ അവകാശവും. അതുകൊണ്ട് ശബരിമലയുടെ ആചാര അനുഷ്ടാന വിശുദ്ധി പരിപാലിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. പക്ഷെ ആ വിശുദ്ധി തകർക്കാനുള്ള ശ്രമമാണ് ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ശബരിമല ഒരു ക്ഷേത്രമാണ്. അത് ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. വിശ്വാസമില്ലാത്തവർ അവിടെ പോവേണ്ട കാര്യമില്ല. അവർക്ക് വിനോദയാത്ര നടത്തി മലിനപ്പെടുത്താനുള്ള ഒരിടമായി ശബരിമല മാറരുത്- അദ്ദേഹം പറഞ്ഞു.

പാർട്ടി ഓഫീസിൽ ബലാത്സംഗം ചെയ്യുന്നവനും പാർട്ടി ഓഫീസിൽ നവോത്ഥാന പ്രക്രിയയുടെ ഭാഗമായി സന്താനോത്പാദനം നടത്തുന്നവനും മോഷ്ടിക്കുന്നവനും കൊലപാതകം നടത്തുന്നവനും എതിരെ കേസുകളില്ല. കേസ് രജിസ്റ്റർ ചെയ്യുന്നത് ശബരിമലയ്ക്ക് വേണ്ടി വാദിക്കുന്നവർക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.