ചണ്ഡീഗഡ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കിംഗ്സ ഇലവണ പഞ്ചാബ് 12 റൺസിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി. ടൂർണമെന്റിൽ പഞ്ചാബിന്റെ അഞ്ചാം ജയമാണിത്.
ആദ്യം ബാറ്ര് ചെയ്ത പഞ്ചാബ് നിശ്ചിത ഇരുപതോവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന് ഇരുപതോവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 2 വിക്കറ്ര് വീതം നേടിയ അർഷദീപ് സിംഗും ആർ.അശ്വിനും മുഹമ്മദ് ഷാമിയുമാണ് രാജസ്ഥാന്റെ റണ്ണൊഴുക്ക് നിയന്ത്രിച്ചത്. അർദ്ധ സെഞ്ച്വറിയുമായി രാഹുൽ ത്രിപതിയും (45 പന്തിൽ 50) അവസാന ഓവറുകളിലെ വമ്പനടിയുമായി സ്റ്രുവർട്ട് ബിന്നിയും (11 പന്തിൽ 33, 2ഫോർ 3സിക്സ്) പൊരുതിയെങ്കിലും രാജസ്ഥാന് വിജയതീരത്തെത്താനായില്ല. സഞ്ജു സാംസൺ (27), ജോസ് ബട്ട്ലർ (23), ക്യാപ്ടൻ രഹാനെ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ കെ.എൽ. രാഹുലും (52), ഡേവിഡ് മില്ലറുമാണ് (40) പഞ്ചാബിനെ 182ൽ എത്തിക്കുന്നതിൽ നിർണായക സംഭാവന നൽകിയത്. പുറത്താകാതെ 4 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 17 റൺസുമായി ക്യാപ്ടൻ ആർ. അശ്വിനും അവസാന ഓവറുകളിൽ വമ്പനടിയുമായി കളം നിറഞ്ഞു,
ഗെയ്ലും (30)രാഹുലും ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. തുടക്കത്തിൽആക്ര മിച്ച് കളിച്ച ഗെയ്ൽ 3 സിക്സും 2 ഫോറും അടിച്ചു. ടീം സ്കോർ 38ൽ വച്ച് ഗെയ്ലിനെ സഞ്ജുവിന്റെ കൈയിൽ എത്തിച്ച് ആർച്ചറാണ് കൂട്ടുകെട്ട് പൊളിച്ചത്.47 പന്തിൽ 2സിക്സും 3 ഫോറും ഉൾപ്പെട്ടതാണ് രാഹുലിന്റെ അർദ്ധ സെഞ്ച്വറി ഇന്നിംഗ്സ്. 27 പന്ത് നീണ്ട മില്ലറുടെ ഇന്നിംഗ്സിൽ 2 വീതം ഫോറും സിക്സും ഉണ്ട്. ആർച്ചർ രാജസ്ഥാനായി 3 വിക്കറ്റ് വീഴ്ത്തി.
ബാംഗ്ലൂർ ഡെയ്ഞ്ചർ സോണിൽ
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 5 വിക്കറ്റിന് തോറ്റതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകൾ പ്രതിസന്ധിയിലായി. അവരുടെ ഏഴാം തോൽവി ആയിരുന്നു ഇത്. സ്കോർ: ബാംഗ്ലൂർ 171/7, മുംബയ് 172/5 .