child

തിരുവനന്തപുരം: ഹൃദയത്തിന് തകരാർ സംഭവിച്ച് ഗുരുതരാവസ്ഥയിൽ മംഗലാപുരത്തു നിന്ന് ആംബുലൻസിൽ കൊച്ചിയിലെത്തിച്ച 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് തിരിച്ച ആംബുലൻസിനെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇടപെട്ടതിനെ തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർക്കാൽ ചെലവിൽ ചികിൽസ നടത്താമെന്ന് മന്ത്രി ഉറപ്പും നൽകി.

എന്നാൽ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകാൻ മണിക്കൂറുകളോളം സമയമെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞിനെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം വാശിപിടിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് വലുതെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുത്തോണമെന്ന് മന്ത്രി കർശനമായി നിർദേശിച്ചതിനെത്തുടർന്നാണ് അമൃതയിലേക്ക് വഴിമാറിയത്. ശ്രീചിത്രയിൽ തന്നെ കൊണ്ടുവരണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞപോയതിനാൽ അമൃതിലെ പ്രവേശിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളുവെന്നും മന്ത്രി പറഞ്ഞു. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതാണ് ഈ പദ്ധതി. ഇതുവരെ 1100 ലേറെ കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കി. ഇതും ഹൃദ്യത്തിൽ ഉൾപ്പെടുത്തി ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.

മംഗലാപുരത്തു നിന്ന് രാവിലെ പതിനൊന്നോടെയാണ് ആംബുലൻസ് പുറപ്പെട്ടത്. വൈകിട്ട് നാലരയോടെ അമൃതയിലെത്തിച്ച കുഞ്ഞിനെ ഐ.സി.യുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ഹൃദ്രോഗവിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം കുഞ്ഞിന്റെ ആരോഗ്യനില സസൂക്ഷ്‌മം വിലയിരുത്തിവരുന്നു.

ഹൃദയത്തിൽ ജന്മനായുള്ള ദ്വാരമാണ് പ്രശ്നമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഹൃദയത്തിൽ നിന്ന് രക്തം ശരീരത്തിലേക്ക് പോകുന്ന അയോട്ട എന്ന ഞരമ്പ് മുറുകിയ നിലയിലുമാണ്. ഹൃദയവാൽവും ശരിയായ നിലയിലല്ല. ഇവയാണ് കുഞ്ഞ് നേരിടുന്ന വിഷമതകൾ. ശസ്ത്രക്രിയയിലൂടെ അവ പരിഹരിക്കാമെങ്കിലും ആരോഗ്യനില ഭദ്രമാകണം. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെ 24 മണിക്കൂർ നിരീക്ഷണം നടത്തിയശേഷം ശസ്ത്രക്രിയ നടത്തുന്നത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പത്തുദിവസം മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കുഞ്ഞിനെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. മാതാപിതാക്കൾ മാത്രമാണ് ഒപ്പമുള്ളത്. മറ്റു ബന്ധുക്കൾ കൊച്ചിയിലെത്തിച്ചേരും. ഉദുമയിലെ പാണക്കാട് സയ്യദ് മുഹമ്മദലി തങ്ങൾ മെമ്മോറിൽ ട്രസ്റ്റിന്റെ ആംബുലൻസിൽ ഡ്രൈവർ എ. ഹസനാണ് ഇടയ്ക്കൊരിടത്തും നിറുത്താതെ കുഞ്ഞിനെ അതിവേഗം കൊച്ചിയിലെത്തിച്ചത്.