ദുബായ്: ജ്യൂസ് പെട്ടികൾ മോഷ്ടിച്ച കേസിൽ രണ്ട് ഇന്ത്യക്കാർക്കും ഒരു പാകിസ്ഥാനി സ്വദേശിക്കും ആറുമാസം തടവും പിഴയും. നാലര ലക്ഷം രൂപ വില വരുന്ന 900 ജ്യൂസ് പെട്ടികളാണ് പ്രതികൾ മോഷ്ടിച്ചത്. പൊലീസ് അക്കാദമിയിൽ നിന്നും കാറ്ററിംഗ് കമ്പനിയിലെ ജ്യൂസ് പെട്ടികൾ കടത്തി മറിച്ചുവിറ്റെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
പ്രതികൾ മൂന്ന് പേർക്കും കൂടി 28 ലക്ഷം രൂപ പിഴയുമാണ് ദുബായ് കോടതി ചുമത്തിയത്. അതിന് പുറമെ ഒാരോരുത്തരും നാലര ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വിധിച്ചു. 2017 ഏപ്രിലിനും 2018 മെയ് മാസത്തിനും ഇടയിലാണ് സംഭവം നടക്കുന്നത്. കമ്പനിയുടെ അൽ ബാർഷയിലെ ശാഖയിൽ നിന്നാണ് 33 കാരനാൻ സ്റ്റോർകീപ്പറും 31 കാരനായ ഇന്ത്യക്കാരനും പാക് സ്വദേശിയായ 30വയസുകാരനും കൂടി മോഷണം നടത്തുന്നത്.
വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങളും ഇവർ മറിച്ച് വിറ്റിരുന്നു. മോഷ്ടിച്ച പാക്കറ്റുകൾ ഇവർ പിന്നീട് പുറത്ത് മറിച്ചുവിറ്റ് പണം സമ്പാദിച്ചിരുന്നു. ഇതിലൂടെ സ്റ്റോർ കീപ്പർ രണ്ട് ലക്ഷം രൂപ സമ്പാദിച്ചിരുന്നുവെന്നും കോടതി കണ്ടെത്തി. ശിക്ഷാകാലാവധി പൂർത്തിയായാക്കിയതിന് ശേഷം മൂന്നുപേരെയും സ്വദേശത്തേക്ക് മടക്കി അയക്കും.