parvathy

സിനിമയിൽ അവസരം കിട്ടിയില്ലെങ്കിൽ താനത് സൃഷ്‌ടിക്കുമെന്ന് നടി പാർവതി തിരുവോത്ത്. സിനിമയും കലയുമൊ്നും ആരുടെയും സ്വകാര്യസ്വത്തല്ലെന്നും, അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നതു തന്നെ വിഡ്ഡിത്തമാണെന്ന് പാർവതി പ്രതികരിച്ചു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വ്യക്തമാക്കിയത്.

പാർവതിയുടെ വാക്കുകൾ-

'പണ്ടത്തെ പോലെയല്ല. എനിക്ക് സിനിമ നഷ്‌ടമായാൽ അത് ഞാൻ സൃഷ്‌ടിക്കും. സിനിമയും കലയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നതു തന്നെ വിഡ്ഡിത്തമാണ്. എന്റെ കാര്യത്തിൽ മാത്രമല്ല ഡബ്ല്യു.സി.സിയിൽ (വനിതാ കൂട്ടായ്‌മ) അംഗമാകാത്തവർക്കും നമ്മളെ സപ്പോർട്ട് ചെയ്‌തതിന്റെ പേരിൽ കഴിഞ്ഞ വർഷം സിനിമ നഷ്‌ടമായി. കാര്യം അവിടെ ഒരു സംഘമുണ്ട്. വരും വർഷങ്ങളിൽ അതിന്റെ തകർച്ച കാണാൻ കഴിയും. സിനിമയാണ് പ്രധാനം. സിനിമയ്‌ക്കതീതമായി വ്യക്തികൾക്ക് ഒരു പ്രാധാന്യവുമില്ല'

പുതിയ ചിത്രമായ ഉയരെയുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കവെയാണ് പാർവതി മനസു തുറന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രമാണ് ഉയരെ. നവാഗതനായ മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

പല്ലവി എന്ന കഥാപാത്രമായാണ് പാർവതി അഭിനയിക്കുന്നത്. സിനിമയ്‌ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബി–സഞ്ജയ് ആണ്. നോട്ട്ബുക്ക് എന്ന സിനിമയ്‌ക്കു ശേഷം പാർവതിയും ബോബി–സഞ്ജയ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഉയരെ.