പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി ആംബുലൻസ് പുറപ്പെടും മുൻപേ വിവരമറിഞ്ഞ് മലയാളികൾ പ്രാർത്ഥനാനിരതരായി. കുരുന്നുജീവൻ സുരക്ഷിതമായി ശ്രീചിത്രയിൽ എത്തിക്കണം. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ വഴിയൊരുക്കി ആയിരങ്ങൾ അണിനിരന്നപ്പോൾ സുരക്ഷിതമായി അതിവേഗത്തിൽ തിരുവനന്തപുരത്ത് എത്തിക്കണമെന്ന ഒറ്റ ചിന്തമാത്രമായിരുന്നു ഡ്രൈവർ എ. ഹസന്റെ മനസിലുണ്ടായിരുന്നത്. വേണ്ടിടത്ത് സധൈര്യം ആരോഗ്യമന്ത്രി ഇടപെട്ടതോടെ കുഞ്ഞുജീവനെയും കൊണ്ടുള്ള യാത്ര കൊച്ചിയിൽ അമൃതയിലേക്ക് എത്തിച്ചേരുകയായിരുന്നു.
മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലടക്കം കുഞ്ഞ് ജീവന് വേണ്ടി കേരളം ഒന്നടങ്കം പ്രാർത്ഥിച്ചപ്പോൾ ബിനിൽ സോമസുന്ദരം എന്ന യുവാവ് കുറച്ച് വർഗ്ഗീയമായി ചിന്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വർഗ്ഗീയ വിഷം തുപ്പിയ ഇയാൾക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്താണ് ഇയാളുടെ പോസ്റ്റിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഇങ്ങനെയും ചിന്തിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ടെന്ന നേർചിത്രം കാണിച്ചുതന്നത്.
'ഇയാൾക്കെതിരെ നിയമപരമായി നടപടിയെടുക്കണം. ഈ പോസ്റ്റല്ല, ഇത്രയ്ക്ക് വിഷം പരസ്യമായി ഛർദ്ദിച്ചിടാനുള്ള സാഹചര്യം ഇവിടെയുണ്ട് എന്നതാണ് ഭയപ്പെടുത്തുന്നത്. നല്ല പത്തരമാറ്റ് ആചാരസംരക്ഷണക്കാരനാണ് ടിയാൻ,' എന്നും പോസ്റ്റിൽ ദീപ നിശാന്ത് എഴുതി. ഇതിന് പിന്നാലെ നിരവധി പേരാണ് യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡി.ജി.പിക്കടക്കം നിരവധി പേർ പരാതിപ്പെട്ടിട്ടുണ്ടെന്നും അറിയുന്നു.