pk-sreemathi

ആൺമേൽകോയ്മയുടെ അതിപ്രസരം വിളമ്പി കണ്ണൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ പുറത്തിറക്കിയ വീഡിയോ പരസ്യം ഇതിനകം വൈറലായിരിക്കുകയാണ്. ഒരു പെണ്ണിനെ പാർലമെന്റിലേക്കയച്ചിട്ട് കാര്യമില്ലെന്നും അവിടെ പോയി കാര്യങ്ങൾ പറഞ്ഞ് ചോദിച്ച് വാങ്ങിവരണമെങ്കിൽ ഒരാൺകുട്ടി പോകണമെന്നുമുള്ള ധ്വനിയാണ് സുധാകരന് വേണ്ടി പുറത്തിറക്കിയ പരസ്യത്തിലുണ്ടായിരുന്നത്. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം നിരവധി പേർ ഈ പരസ്യത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഈ അവസരത്തിൽ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് പി.കെ. ശ്രീമതിയെ എൻഡോസൾഫാൻ രോഗികളുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ കാണാൻ ചെന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുകയാണ് അഡ്വ ഹരീഷ് വാസുദേവൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇംഗ്ലീഷ് ഒഴുക്കോടെ പറയാനറിയാത്ത PK ശ്രീമതിടീച്ചറെ ചാനൽ പരിപാടികളിൽ കളിയാക്കുമ്പോൾ കൂടെ ചിരിച്ചിരുന്ന ആളായിരുന്നു ആദ്യകാലത്ത് ഞാനും. കിളിരൂർ കേസിലെ VIP ഇവരാണെന്ന്, ഗ്രൂപ്പുവഴക്ക് കാലത്തെ VS ന്റെ മുനവെച്ച വാചകത്തെ ദുരൂപയോഗിച്ചുണ്ടാക്കിയ ക്രൈം നന്ദകുമാറിന്റെ നുണക്കഥ മാതൃഭൂമിയിൽ വന്നതും ഞാൻ അന്നൊക്കെ വിശ്വസിച്ചിരുന്നു (കോട്ടയത്തെ ഡോക്ടറെ നേരിൽ കാണുംവരെ)

എൻഡോസൾഫാൻ രോഗികളുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ VS അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഞാൻ ആദ്യമായി അന്നത്തെ ആരോഗ്യമന്ത്രിയായ PK ശ്രീമതിയെ നേരിൽ കാണുന്നത്. 'തണലി'ന്റെ ഡയറക്ടർ ജയകുമാറേട്ടന്റെ കൂടെ. മക്കൾക്ക് ഭക്ഷണം ചവച്ചു കൊടുക്കേണ്ടി വരുന്ന കാസര്ഗോട്ടെ അമ്മമാരുടെ വിഷമം ടീച്ചർ സശ്രദ്ധം കേട്ടു, ഒരു സ്ത്രീയും അമ്മയും ആയതിനാൽ ആകണം, അത് അവരുടെ കണ്ണ് നനച്ചു.

നോഡൽ ഓഫീസറായിരുന്ന ഡോ.മുഹമ്മദ് അഷീലിനെ വിളിച്ച് അപ്പോൾത്തന്നെ ടീച്ചർ പ്രത്യേകമായി ആ ദൗത്യമേല്പിച്ചു. ആരോഗ്യവകുപ്പിനാൽ കഴിയുന്നതെല്ലാം അവർക്കായി ചെയ്യണമെന്നും, ആരുടെയെങ്കിലും ഭാഗത്ത് നിന്ന് പോരായ്മ ഉണ്ടായാൽ നേരിൽക്കണ്ട് പറയണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഓരോ രോഗിയുടെ കുടുംബത്തിനും പെൻഷൻ ഏർപ്പാട് ചെയ്ത PK ശ്രീമതി, അതത് മാസം 5ആം തീയതിക്ക് മുൻപ് അത് അയച്ചുകൊടുത്തു എന്നു വിളിച്ചു ഉറപ്പ് വരുത്തുകയും ചെയ്യാറുണ്ട്. സഞ്ചരിക്കാൻ കഴിയാത്തവരുടെ അടുത്തേയ്ക്ക് ഡോക്ടർ സഞ്ചരിച്ചെത്തി പരിശോധിക്കുന്ന മൊബൈൽ മെഡിക്കൽ ക്യാമ്പ് ശ്രീമതി ടീച്ചറുടെ കാലത്താണ് തുടങ്ങിയത്. എൻഡോസൾഫാൻ ആഗോളതലത്തിൽ നിരോധിക്കപ്പെടാനുള്ള ഏക സാധ്യതയായ അന്താരാഷ്ട്ര സ്റ്റോക്ക്ഹോം കൺവെൻഷനിൽ സർക്കാർ പ്രതിനിധിയെ അയച്ചു കാസര്ഗോട്ടെ കാര്യം അവിടെ അറിയിക്കണം എന്നു ആരോഗ്യമന്ത്രി തീരുമാനിച്ചു. ആ സമ്മേളനത്തിൽ
പങ്കെടുക്കാൻ എനിക്ക് കിട്ടിയ അവസരം സന്തോഷത്തോടെയാണ് സർക്കാർ പ്രതിനിധിയായ ഡോ.അഷീലിന് കൈമാറിയത്. ബാക്കി കഥ ചരിത്രമായി.

മന്ത്രിയായി ആദ്യം ഒന്നുരണ്ടു വർഷം അവർ പകച്ചു നിന്നെങ്കിലും പിന്നീട് കേരളത്തിന്റെ ആരോഗ്യ മേഖലയിൽ മുന്പെങ്ങുമില്ലാത്ത വലിയ മാറ്റമാണ് ക്രമേണ ശ്രീമതി ടീച്ചർ കൊണ്ടുവന്നത്. ഒട്ടുമിക്ക PHC കളും CHC കളും വികസിപ്പിച്ചു. ഭൗതിക സൗകര്യങ്ങളിൽ വൻ കുതിച്ചുചാട്ടം ഒരുക്കി. താലൂക്ക്‌ ആശുപത്രികളിൽ ഒട്ടുമിക്ക ചികിത്സാ സൗകര്യങ്ങളും ഉണ്ടാക്കി. രാഷ്ട്രീയ കാരണങ്ങളാൽ ശ്രീമതി ടീച്ചറെ ഒട്ടും ഇഷ്ടമില്ലാതിരുന്ന ബന്ധുക്കളും സുഹൃത്തുക്കളുമായ പല ഡോക്ടർമാരും അവരുടെ ആരോഗ്യ മേഖലയിലെ സംഭാവനകളെ പരസ്യമായി അഭിനന്ദിച്ചു കണ്ടു.

പിന്നീട് അവർ MP യായി. ലോക്സഭയിൽ ഇംഗ്ലീഷിൽ തെറ്റില്ലാതെ പ്രസംഗിച്ച് നിരവധി വിഷയങ്ങളിൽ സർക്കാർ ശ്രദ്ധ ക്ഷണിച്ചു. കൈത്തറി തൊഴിലാളികൾക്കും വിമാനത്താവളത്തിനും ഒരുപോലെ കേന്ദ്രസഹായം ചോദിച്ചുവാങ്ങി. നിർഭയ വിഷയത്തിലും ജയിലിലെ സ്ത്രീകളുടെ അവകാശ വിഷയത്തിലും അവരുടെ പ്രസംഗം രാജ്യം കേട്ടു. കൊട്ടിഘോഷിച്ച പല ആണുങ്ങളെക്കാളും മികച്ച പ്രകടനം പാർലമെന്റിൽ കാഴ്ചവെച്ചതായി പൊതുവിൽ വിലയിരുത്തപ്പെട്ടു. ചുരുങ്ങിയപക്ഷം രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ.

പുരുഷന്മാർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്ത്രീകളാണ് നന്നായി ദീർഘവീക്ഷണത്തോടെ സാമ്പത്തിക മാനേജ്‌മെന്റ് നടത്തുന്നത് എന്ന് ഇന്ന് പത്തനാപുരത്ത് പ്രസംഗിച്ചത് കോണ്ഗ്രസിന്റെ രാഹുൽ ഗാന്ധിയാണ്. രാജ്യസഭാ മുൻ ഉപാധ്യക്ഷനായ എണ്ണം പറഞ്ഞ ആണായ കുര്യൻ പോലും ബബ്ബബ്ബ വെച്ചപ്പോൾ ഉശിരോടെ തർജ്ജമ ചെയ്തത് ജ്യോതി വിജയകുമാർ എന്ന സ്ത്രീയാണ്. കെ.സുധാകരനെക്കാൾ കഴിവുള്ള എത്രയോ സ്ത്രീകൾ ഇന്നാട്ടിലുണ്ട്.

കണ്ണൂരെ ഒരു സാധാരണ സ്‌കൂളിലെ ഹെഡ്ടീച്ചറായിരുന്ന Sreemathy PK ഇത്രയൊക്കെ നേടിയത് സ്ത്രീ എന്ന നിലയിലുള്ള ഈ പാട്രിയർക്കിയൽ സമൂഹത്തിലെ എല്ലാ പിന്നോട്ടടികളും നേരിട്ടു തന്നെയായിരിക്കും. സ്ത്രീകൾ പൊതുവിടത്തിൽ നേരിടുന്ന അപവാദപ്രചാരണങ്ങളെ നേരിട്ടുമായിരിക്കും. ഷാനിമോൾ ഉസ്മാനും രമ്യയ്ക്കും അടക്കം വളരെ കുറച്ചു സ്ത്രീകൾക്കെ സീറ്റ് പോലും കിട്ടുന്നുള്ളൂ. സ്ത്രീ ആയതുകൊണ്ട് അവർ പുരുഷന്മാരേക്കാൾ കഴിവ് കുറഞ്ഞവരാണ് എന്ന് ദ്യോതിപ്പിക്കുന്ന കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യം ശുദ്ധസ്ത്രീവിരുദ്ധവും അപമാനകരവുമാണ്.

പൊതുപ്രവർത്തന പരിചയത്തിനപ്പുറം PK ശ്രീമതിയോട് എനിക്ക് ഒരു വ്യക്തിബന്ധവും മമതയുമില്ല. ഒട്ടേറെ കാര്യങ്ങളിൽ PK ശ്രീമതിയോട് രാഷ്ട്രീയമായി ഞാൻ വിയോജിക്കുമ്പോഴും, ചിലതിൽ ശക്തമായി എതിർക്കുമ്പോഴും, ഇന്നാട്ടിലെ 50% സ്ത്രീകളുടെ പ്രതിനിധിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് കഴിവ് തെളിയിച്ച അപൂർവ്വം സ്ത്രീകളിൽ ഒരാളായ അവരെ അപമാനിക്കുന്നത്, ഇന്നാട്ടിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. കണ്ണൂരെ സ്ത്രീകൾ ഇതിന് മറുപടി പറയിക്കണം.

അഡ്വ.ഹരീഷ് വാസുദേവൻ.