executed-for-murder

റിയാദ്: മോഷണമുതൽ പങ്കുവയ്‌ക്കുന്നതിനിടെ ഇന്ത്യാക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് ഇന്ത്യാക്കാരുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലുധിയാന സ്വദേശിയായ ഹർജീത് സിംഗ് ഹൊഷ്‌യാപൂർ സ്വദേശി ഹർജീത് സിംഗ് എന്നിവരെ തലവെട്ടിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 28ന് നടന്ന തലവെട്ടലിന്റെ കാര്യം റിയാദിലെ ഇന്ത്യൻ എംബസിയെപ്പോലും അറിയിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിലെ നിയമങ്ങൾ കാരണം ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്നും അധികൃതർ അറിയിച്ചു.

2015 ഡിസംബർ 9നാണ് ഇന്ത്യാക്കാരനായ ഇമാമുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും അറസ്‌റ്റിലാകുന്നത്. മദ്യപിച്ച് തല്ലുണ്ടാക്കിയതിന്റെ പേരിൽ പൊലീസ് പിടികൂടിയ ഇരുവരെയും നാടുകടത്തുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. എന്നാൽ ഇക്കാര്യം ഇന്ത്യൻ എംബസിയെയോ ബന്ധപ്പെട്ടവരെയോ സൗദി അധികൃതർ അറിയിച്ചിരുന്നില്ല. പിന്നീട് റിയാദിലെ ജയിലിലേക്ക് മാറ്റിയ ഇരുവരും വിചാരണക്കിടെ തങ്ങളുടെ കുറ്റം സമ്മതിക്കുകയായിരുന്നു. 2017ൽ മേയ് 31ന് നടന്ന വിചാരണയിൽ ഇന്ത്യൻ എംബസി അധികൃതരും പങ്കെടുത്തു. ഹൈവേയിൽ പിടിച്ചുപറി നടത്തിയ സംഭവത്തിലും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സൗദിയിലെ ശരീഅത്ത് നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

എന്നാൽ കഴിഞ്ഞ ദിവസം ഇരുവരെയും സന്ദർശിക്കാനായി ഇന്ത്യൻ ഉദ്യോഗസ്ഥർ ജയിലിൽ എത്തിയപ്പോഴാണ് ഇവരെ തലവെട്ടിയെന്ന വിവരം അറിയുന്നത്. ഫെബ്രുവരി 28ന് ബന്ധുക്കളെയും ഇന്ത്യൻ അധികൃതരെയും അറിയിക്കാതെയാണ് വധശിക്ഷ നടപ്പിലാക്കിയത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ഇന്ത്യൻ അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നിയമം അനുവദിക്കാത്തതിനാൽ മൃതദേഹം വിട്ടുനൽകാൻ ആവില്ലെന്നായിരുന്നു സൗദിയുടെ മറുപടി.