ന്യൂഡൽഹി: വയനാടിനെ കുറിച്ചുള്ള പാകിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. ഉത്തർപ്രദേശിൽ ചില സീറ്റുകൾ നഷ്ടമായേക്കാമെന്നും ആ നഷ്ടം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ തവണ വിജയിക്കാത്ത സ്ഥലങ്ങളിൽ ബി.ജെ.പി 60 സീറ്റ് പിടിക്കുമെന്നും കേരളത്തിൽ അഞ്ച് സീറ്റ് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ വിശ്വാസികൾ നേരിട്ട അതിക്രമങ്ങൾ ഉന്നയിക്കുമെന്നും ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നതിൽ മാത്രമാണ് വിലക്കുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി. എല്ലാ സുപ്രീംകോടതി വിധികളും പിണറായി വിജയൻ നടപ്പിലാക്കുമോയെന്നും പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുന്ന വിധി പിണറായി നടപ്പിലാക്കുമോയെന്നും അമിത് ഷാ ചോദിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നടത്തിയ റാലി കണ്ടാൽ, അത് ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഈ മാസം നാലിന് വയനാട്ടിൽ പ്രകടനപത്രിക സമർപ്പിക്കാൻ രാഹുലെത്തിയ റാലിയിലെ മുസ്ലീം ലീഗിന്റെ പതാക കണ്ടിട്ടാണ് അത് വർഗീയമായി ഉപയോഗിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം. അതേസമയം, അമിത് ഷായുടെ പരാമർശത്തിൽ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി.
പരാമർശം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം എ.ഒമർ പരാതിയിൽ ചൂണ്ടിക്കാട്ടി. "അമിത് ഷായുടെ പ്രസ്താവന വിഭാഗീയതയുണ്ടാക്കുന്നതാണ്. ലീഗിനെ മാത്രമല്ല വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുന്നതാണ് പ്രസ്താവന. ലീഗിന്റെ കൊടിയെ പാക് പതാകയുമായി ബന്ധിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം. പാക് പതാകയുമായി ലീഗിന് യാതൊരു ബന്ധവുമില്ല. ലീഗിന് പുറമേ മറ്റു പല പാർട്ടികളും പച്ചപ്പതാകകൾ ഉപയോഗിക്കുന്നുണ്ട്. മതത്തെ ഉപയോഗിച്ച് വർഗീയ വിദ്വേഷമുണ്ടാക്കാനാണ് പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടത്" -പരാതിയിൽ ആരോപിക്കുന്നു.