sasi-taroor-nss

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻ.എസ്.എസിന്റെ വോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തന്നെന്ന അവകാശവാദവുമായി കോൺഗ്രസ് രംഗത്ത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം എൻ.എസ്.എസ് യൂണിയന്റെ ഉറപ്പ് തങ്ങൾക്ക് ലഭിച്ചതായി ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്‌ചാത്തലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനിൽ നിന്ന് കടുത്ത മത്സരമാണ് തരൂരിന് നേരിടേണ്ടി വരുന്നത്. ശക്തനായ സ്ഥാനാർത്ഥിയായി എൽ.ഡി.എഫിന്റെ സി.ദിവാകരനും കളത്തിൽ നിറഞ്ഞതോടെ അനന്തപുരിയിൽ അക്ഷരാർത്ഥത്തിൽ ത്രികോണമത്സരം തന്നെയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ എൻ.എസ്.എസിന്റെ പിന്തുണ തങ്ങൾക്കു തന്നെന്ന അവകാശവാദം കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്.

പെരുന്നയിൽ നിന്ന് ഇതുസംബന്ധിച്ച നിർദേശം എൻ.എസ്.എസ് കരയോഗങ്ങൾക്കും വനിതാ സമാജങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്തെ 5600 കരയോഗങ്ങൾക്കും കോൺഗ്രസിന് അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന നിർദേശം എൻ.എസ്.എസ് നേതൃത്വം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് പറയുന്നു. അതേസമയം, ശബരിമലവിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാടിന്റെ അടിസ്ഥാനത്തിൽ കുമ്മനത്തിന് വിജയം സുനിശ്ചതമാണെന്ന് തന്നെയാണ് തലസ്ഥാനത്തെ ബി.ജെ.പി നേൃത്വവും അനുഭാവികളും ഉറച്ച് വിശ്വസിക്കുന്നത്.

2011ലെ സെൻസസ് പ്രകാരം തിരുവനന്തപുരത്തെ ആകെ ജനസംഖ്യയിൽ 66.46 ശതമാനവും ഹിന്ദുക്കളാണ്. ക്രൈസ്‌തവർ 19.1 ശതമാനം, മുസ്ളീങ്ങൾ 13.72 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യാ നിരക്ക്.