rahul-gandhi

മാനന്തവാടി: പിതാവ് രാജീവ് ഗാന്ധിയുടെ നിറഞ്ഞ ഓർമ്മയിൽ കോൺഗ്രസ് അദ്ധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലിയിലെത്തി. രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും പേരിൽ ആണ് തർപ്പണ ചടങ്ങുകൾ നടത്തിയത്. ഒപ്പം പുൽവാമയിൽ കൊല്ലപ്പെട്ട സെെനികർക്കും ബലിതർപ്പണം നടത്തി. 1991ൽ പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ ലീഡർ കെ. കരുണാകരനുമൊത്ത് രാഹുൽ ഇവിടെയെത്തിയിരുന്നു. പിതാവിന്റെ ഓർമ്മകളിൽ നിറയാനും ആദരം പ്രകടിപ്പിക്കാനും വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ രാഹുൽ സമയം കണ്ടെത്തുകയായിരുന്നു.

തിരുനെല്ലി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. എസ്.എ യു.പി സ്കൂൾ മൈതാനിയിലാണ് അദ്ദേഹം ഹെലികോപ്റ്റർ ഇറങ്ങിയത്. രാഹുൽ 20 മിനിട്ടോളം അവിടെ കൂടിയിരുന്ന പ്രവർത്തകരോടൊപ്പം വിശേഷങ്ങൾ പങ്കിട്ടു. പാപനാശിനി തൊട്ടുവന്ദിച്ച അദ്ദേഹം തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രസാദം വാങ്ങിയ ശേഷമാണ് പ്രചാരണ പരിപാടികളിലേക്ക് പുറപ്പെട്ടത്. രാഹുലിന്റെ വരവിനോടനുബന്ധിച്ച് പ്രത്യേകം പൂജയും ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗം കണ്ണൂരിലെത്തി അവിടെ ഗസ്റ്റ് ഹൗസിൽ താമസിച്ച രാഹുൽ 9.30നാണ് വയനാട്ടിലേക്ക് തിരിച്ചത്. ക്ഷേത്രത്തിന് നാല് കിലോ മീറ്റർ അകലെയുള്ള ഹെലിപാടിൽ ഇറങ്ങിയ രാഹുൽ കാർ മാർഗമാണ് ക്ഷേത്രത്തിലെത്തിയത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കൂടുതലുള്ള തിരുനെല്ലിയിൽ എസ്.പി.ജിയും കേരള പൊലീസും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്.

ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും. വയനാട്ടിൽ രാഹുൽ നേരത്തെ എത്തിയിരുന്നെങ്കിലും വോട്ടർമാരെ നേരിൽ കാണുന്നത് ഇന്നാണ്. നാമനിർദ്ദേശ പത്രിക നൽകാനെത്തകിയപ്പോൾ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പോവുക മാത്രമാണ് ചെയ്തത്. രാഹുൽ എത്തുന്ന കാര്യം ഇന്നലെ വൈകിട്ടോടെയാണ് പൊലീസും കോൺഗ്രസ് നേതാക്കളും തിരുനെല്ലി ക്ഷേത്രം അധികൃതരെ അറിയിച്ചത്. തുടർന്ന് ക്ഷേത്ര പരിസരത്തും പാപനാശിനി തീരത്തും പൊലീസ് പരിശോധന കർശനമാക്കി. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശമായതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം സാന്നിധ്യം ഉറപ്പിച്ചു. വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് ശേഷം രാഹുൽ കോയമ്പത്തൂരിലേക്ക് പോകും.