sindhu-joy

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് സി.പി.എമ്മിലേക്കെത്തിയ തീപ്പൊരി നേതാവായിരുന്നു സിന്ധു ജോയ്. പിന്നീട് സി.പി.എം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നുവെങ്കിലും രാഷ്ട്രീയ പാതയിൽ അധികം ശോഭിക്കുവാൻ പിന്നീട് അവർക്കായില്ല. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം അതിന്റെ പാരമ്യതയിലെത്തി നിൽക്കുമ്പോൾ മുൻപ് ഒരു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായപ്പോൾ തനിക്ക് പാർട്ടിയിലെ ഒരു നേതാവിൽ നിന്നും ഉണ്ടായ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക്വയ്ക്കുകയാണ് സിന്ധു ജോയ്. 2009ലെ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലായിരുന്നു അവർ മത്സരിച്ചത്. എന്നാൽ കനത്ത മത്സരത്തിൽ അടിപതറിയ സിന്ധുവിന് അവിടെ നിന്നും ജയിച്ച്കയറുവാനായില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2009 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നല്ല മത്സരം കാഴ്ചവെച്ചെന്ന അഹങ്കാരത്തോടെ നടക്കുന്ന സമയം. ഒരു പാർട്ടി ഓഫീസിൽ ചെന്നപ്പോൾ ഒരാൾ: “സിന്ധു ജോയിയോ? വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താൻ ഇപ്പോൾ ജയിക്കും എന്ന മട്ടിൽ ആയിരുന്നല്ലോ ടി വി യിൽ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയിൽ തോർത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ?”
അനുബന്ധമായി “ഹ ഹ ഹാ”എന്ന പൊട്ടിച്ചിരിയും. ആ ചിരി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
ആ ആൾ ഈ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾതന്നെ തലയിൽ തോർത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ എന്നൊക്കെ കാണാൻ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരിത് 🤣
N:B-ഈ സംഭവം എറണാകുളത്തു നടന്നതല്ല. അതാരാണ് എന്ന് ചോദിച്ചു ഇൻബോക്സ് ചെയ്യുകയും വേണ്ട. പെട്ടി പൊട്ടിക്കുമ്പോൾ ഞാൻ തന്നെ പറയാം