തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ നടപടി വേണമെന്നും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും മോദി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് പരാതി. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ അയ്യപ്പനെന്നും ശബരിമലയെന്നും പറഞ്ഞാൽ അറസ്‌റ്റാണ്, തടങ്കലാണ് എന്നൊക്കെയായിരുന്നു മോദിയുടെ പരാമർശങ്ങൾ.
തമിഴ്നാട്ടിലും കർണാടകത്തിലും ശബരിമലയെക്കുറിച്ച് മോദി പറഞ്ഞത്
കേരളത്തിൽ കോൺഗ്രസും മുസ്ലീംലീഗും ഇടതുപക്ഷവും ശബരിമല വിഷയത്തിൽ അപകടകരമായ കളികളാണ് കളിക്കുന്നത്.
അവർ നമ്മുടെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അടിവേരുകൾ തകർക്കാൻ മൃഗീയ ശക്തികളെ ഉപയോഗിക്കുന്നു. ബി.ജെ.പി അത് അനുവദിക്കില്ല
അയ്യപ്പൻ എന്നു പറഞ്ഞാൽ കേരളത്തിൽ അറസ്റ്റാണ്, തടങ്കലാണ്. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ച് പറഞ്ഞാൽ അകത്താണ്. എൻഡിഎ സ്ഥാനാർത്ഥിയെ 15 ദിവസം ജയിലിട്ടു.
കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന നാട്ടിലാണ് ഈ അവസ്ഥ.