pinarayi-vijayan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിനുമുമ്പുള്ള ഇടവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതോദ്യോഗസ്ഥർക്കൊപ്പം 10 ദിവസത്തെ വിദേശപര്യടനം നടത്തും. മേയ് എട്ടു മുതൽ 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര നടക്കുന്നത്. പ്രളയാനന്തര പുനനിർമ്മാണവുമായി ബന്ധപ്പെട്ട മാതൃകകൾ പരിചയപ്പെടുന്നതിനായാണ് യാത്ര. നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പുറപ്പെടുന്നത്. ലണ്ടനിൽ കിഫ്ബി മസാലബോണ്ട് ലിസ്റ്റിംഗും ഇതോടൊപ്പം നടക്കും. ഇതിൽ മന്ത്രി തോമസ് ഐസകും പങ്കെടുക്കും.

മേയ് ഒമ്പതു മുതൽ 11 വരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവർ നെതൽലൻഡ്‌സിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. യു.എൻ.ഇ.പി.യുടെ റൂം ഫോർ റിവർ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിലെ നൂർവു‍ഡ് മേഖലയും സംഘം സന്ദർശിക്കും. നവീകരണം, ആധുനിക കൃഷി രീതികൾ തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരുമായുള്ള കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്.

13 മുതൽ 15 വരെ ജനീവയിൽ യു.എൻ-വേൾഡ് റീകൺസ്ട്രക്‌ഷൻ കോൺഫറൻസിൽ പങ്കെടുക്കും. തുടർന്ന് വിവിധ ഇക്കോ ടൂറിസം പദ്ധതികൾ സന്ദർശിക്കും. റവന്യൂ സെക്രട്ടറി ഡോ. വി. വേണു, ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവരും ജനീവയിൽ സംഘത്തിനൊപ്പം ചേരും. 16-ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരിസിലെത്തി വിവിധ മലയാളി സംഘടനകളുമായി ആശയവിനിമയം നടത്തും. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സും സന്ദർശിക്കും. 18ന് മുഖ്യമന്ത്രിയും സംഘവും തിരികെ കേരളത്തിലേക്ക് എത്തും.